അട്ടപ്പാടി മധു വധക്കേസ്: ശിക്ഷാ വിധി ഇന്ന്
അട്ടപ്പാടി മധു വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികൾക്കുള്ള ശിക്ഷ ഇന്ന് കോടതി വിധിക്കും. 16 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
സംഭവം നടന്ന് അഞ്ച് വര്‍ഷത്തിനൊടുവിലാണു 14 പ്രതികൾ കുറ്റക്കാരെന്നു ജഡ്ജി കെ എം രതീഷ് കുമാർ വിധിച്ചത്. നാല്, 11 പ്രതികളെ കോടതി കുറ്റവിമുക്തരാക്കുകായിരുന്നു.
ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്മന്‍,ആറാം പ്രതി അബൂബക്കര്‍,ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെ വെറുതെവിട്ടു.
അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ മധു 2018 ഫെബ്രുവരി 22നാണു കൊല്ലപ്പെടുന്നത്. പട്ടിണി മാറ്റാന്‍ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദിച്ചാണ് മധുവിനെ കൊന്നത്. അതിവേഗം പ്രതിപ്പട്ടിക തയ്യാറാക്കിയെങ്കിലും പിന്നീടങ്ങോട്ട് കേസിന്റെ വഴിയില്‍ നിരവധി തടസ്സങ്ങളുണ്ടായി. കേസ് അന്വേഷിച്ച അഗളി പോലീസ് മെയ് 31നാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 2022 മാര്‍ച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ഏപ്രില്‍ 28ന് വിചാരണ ആരംഭിച്ചു.
മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷമെടുത്തു പ്രതിസന്ധികള്‍ മറികടന്ന് വിചാരണ പൂര്‍ത്തിയാക്കാന്‍. കേസില്‍ നാല് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെയാണ് നിയമിച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ രണ്ട് സ്‌പെഷ്യല്‍ പ്രോസ്‌ക്യൂട്ടര്‍മാരും ഒഴിഞ്ഞത്. മൂന്നാമതായി നിയമിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന വിമര്‍ശനമുണ്ടായി. 2022ല്‍ വിചാരണ ആരംഭിച്ചശേഷം 22 തവണ വിചാരണ നടന്നിട്ടും രണ്ട് തവണ മാത്രമാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരായിരുന്നത്.
കേസിന്റെ വിചാരണകള്‍ക്കിടയില്‍ നിരവധി സാക്ഷികള്‍ കൂറുമാറി. വാദിഭാഗത്തിന്റെ 127 സാക്ഷികളില്‍ 24 സാക്ഷികളും കേസില്‍ കൂറുമാറി. വിചാരണാവേളയിലെ തുടര്‍ച്ചയായി കൂറുമാറ്റമെന്ന അനീതിയും മധു കേസിലെ അപൂര്‍വതയായി.
മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്ന മധു വീട്ടുകാരില്‍നിന്ന് മാറി വനത്തിലായിരുന്നു കഴിഞ്ഞിരുന്നത്. കവലയിലെ കടയില്‍ നിന്നും വിശപ്പുമാറ്റാന്‍ അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ മധുവിനെ മര്‍ദിച്ച് അവശനാക്കിയത്. മധുവിന്റെ കൈകള്‍ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നടത്തിച്ചായിരുന്നു കൊണ്ടുപോയത്. നടക്കുമ്പോഴുടനീളം മര്‍ദിച്ചു. പിന്നീട് പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേയ്ക്കും മധു മരിച്ചു.