അരുംകൊലയ്ക്ക് അഞ്ചാണ്ട്; മധുവിന് നീതി ഇനിയുമകലെ
ഭക്ഷണം മോഷ്ടിച്ചുവെന്ന പേരില്‍ ഒരു മനുഷ്യനെ ദൈവത്തിൻ്റെ സ്വന്തം നാട് തല്ലിക്കൊന്നിട്ട് ഇന്ന് അഞ്ചാണ്ട് , 2018 ഫെബ്രുവരി 22 ന് അട്ടപ്പാടിയിലെ മുക്കാലി ചിണ്ടക്കിയൂര്‍ ഊരിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ മര്‍ദിച്ചു. മർദന സംഘം മധുവിനൊപ്പം സെൽഫിയുമെടുത്തു. കൊടിയ മർദനത്തിന് പിന്നാലെ മധു മരിച്ചു.ആദിവാസി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തോടെ പൊലീസ് ഉണർന്നു. എല്ലാ പ്രതികളും അറസ്റ്റിലായി.മുഖ്യമന്ത്രി പിണറായി വിജയനടക്കം മധുവിൻ്റെ വീട്ടിലെത്തി കുടുംബത്തെ സമാധാനിപ്പിച്ചു. തുടര്‍ നടപടികളുടെ ഭാഗമായി മധുവിൻ്റെ സഹോദരിക്ക് ജോലിയും ഉറപ്പു വരുത്താന്‍ സര്‍ക്കാരിനു സാധിച്ചു. എന്നാല്‍ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലികൊന്ന ആ ആദിവാസി യുവാവിന് ഇന്നും നീതി ഉറപ്പാക്കാന്‍ ഭരണകൂടത്തിനായിട്ടില്ല.
അഞ്ച് വര്‍ഷം മുമ്പ് ഇതേ ദിവസം
ചിണ്ടക്കിയൂര്‍ നിവാസിയായ മാനസികവെല്ലുവിളികൾ ഉള്ള മധുവെന്ന 27കാരനെ മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടുന്നു. മധുവിനെ മർദ്ദിക്കാൻ ആ ആൾക്കൂട്ടം പരസ്പരം മത്സരിച്ചു.മെലിഞ്ഞുണങ്ങിയ ശരീരത്തിലേക്ക് ഓരോ പ്രഹരമേൽക്കുമ്പോഴും അയാൾ അത്യന്തം ദയനീയമായി നിലവിളിക്കുന്നുണ്ടായിരുന്നു. പക്ഷേ ആരും ചെറുക്കാനെത്തിയില്ല, മർദനമേറ്റ് തീർത്തും അവശനായി തീർന്ന മധുവിനെ ഉടുമുണ്ടുരിഞ്ഞ്,കൈകൾ ചേർത്തുകെട്ടി, അയാളുടെ പക്കൽ നിന്നും കണ്ടെത്തിയ ഒരു ചാക്കും തലയില്‍ ചുമന്നു നടക്കാന്‍ ആഹ്വാനം ചെയ്തു. ക്രൂരതയുടെ ആ ആൾക്കൂട്ട ആഘോഷം പകൽ വെളിച്ചത്തിൽ മറയില്ലാതെ തുടർന്നു.ഇരു കൈകളും കെട്ടിയിട്ട മൃതപ്രായനായ മനുഷ്യനൊപ്പം സെൽഫിയെടുത്ത് അവർ ആവേശഭരിതരായി.
അഞ്ച് വര്‍ഷം മുമ്പ് ഈ ദിവസംചിണ്ടക്കിയൂര്‍ നിവാസിയായ മാനസികവെല്ലുവിളികൾ മധുവെന്ന 27കാരനെ മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടുന്നു.
മധുവിനെ നടത്തി ചിണ്ടക്കിയൂരില്‍ നിന്നു മുക്കാലിയിലേക്ക് എത്തിച്ചശേഷം കൊടും കുറ്റവാളിയെ പിടിച്ച ചാരിതാർത്ഥ്യത്തിൽ പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു. പോലീസെത്തി ജീപ്പിൽ കയറ്റിക്കൊണ്ടുപോയ മധു വഴിമധ്യേ ഛർദ്ദിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നെന്ന വാർത്ത കേരളീയ പൊതുസമൂഹത്തിൽ വലിയ ചർച്ചയായി. അട്ടപ്പാടിയിലേക്ക് രാഷ്ട്രീയ സാംസ്കാരിക നേതാക്കൻമാരുടെ ഒഴുക്കായിരുന്നു ആ സമയത്ത്. മധുവിനെ കൊന്ന കുറ്റവാളികളെ നിയമത്തിൻ്റെ മുന്നില്‍ കൊണ്ടുവരുമെന്നും മാതൃകാപരമായി ശിക്ഷ വിധിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
അഞ്ച് വര്‍ഷത്തിനപ്പുറം ആ കേസ് എവിടെയെത്തിയെന്ന് പരിശോധിച്ചാൽ അനീതിയെന്ന വാക്കിൻ്റെ അർത്ഥം മനസിലാകും. കേസ് വാദിക്കാൻ സർക്കാർപബ്ലിക്ക് പ്രോസിക്യൂട്ടറെ തുടക്കത്തില്‍ നിയമിച്ചതുപോലുമില്ല.അത് വിവാദമായതോടെ സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.പി.ഗോപിനാഥിനെ നിയമിച്ചു.എന്നാൽ അദ്ദേഹം പിൻമാറുകയായിരുന്നു. സർക്കാർ ഓഫീസ്, താമസ സൗകര്യങ്ങൾ ഒരുക്കാത്തതിനാലാണ് പിൻമാറ്റമെന്നാണ് അറിയാൻ കഴിഞ്ഞത്. പകരം വി.ടി.രഘുനാഥിനെ നിയമിച്ചെങ്കിലും അദ്ദേഹം അപ്രതീക്ഷിതമായി അവധിയെടുക്കുകയും തുടർച്ചയായി കോടതിയിൽ ഹാജരാകാതിരിക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടറെവിടെ എന്ന് കോടതി ചോദിച്ചതോടെ സർക്കാർ വെട്ടിലായി. തുടർന്ന് കുടുംബത്തിൻ്റെ കൂടി ആവശ്യപ്രകാരം സി.രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. ഇതിനോടകം സാക്ഷിപ്പട്ടികയിലെ 24 പേർ കൂറുമാറിയത് കേസിൻ്റെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കുന്നതാണ്. ഇതിനിടെ കൂറുമാറാൻ മധുവിൻ്റെ അമ്മയ്ക്ക് പോലും പണം വാഗാദാനം നൽകുന്ന സന്ദർഭം ഉണ്ടായി.
അഞ്ച് വര്‍ഷത്തിനപ്പുറം ആ കേസ് എവിടെയെത്തിയെന്ന് പരിശോധിച്ചാൽ അനീതിയെന്ന വാക്കിൻ്റെ അർത്ഥം മനസിലാകും.
മധുവിന്റെ കൊലപാതകത്തിന് അഞ്ചു വര്‍ഷം തികയുന്ന വേളയിലാണ് നീതിക്കായുള്ള അന്തിമ വാദം ആരംഭിച്ചത് . ഇന്നലെ തുടങ്ങിയ വാദം മധുവിന് നീതി ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം .മകന്റെ മരണത്തിന് ഒരു വര്‍ഷം കൂടി തികയുന്ന ഈ ദിനത്തില്‍ നീതിയുടെ വെളിച്ചം അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ അമ്മ മല്ലി . അഞ്ച് വര്‍ഷമായി അമ്മയും സഹോദരി സരസയും തുടരുന്ന പോരാട്ടം വിജയം നേടുമെന്നാണ് ഓരോ ജനാധിപത്യ വാദിയുടേയും വിശ്വാസം .
നവോത്ഥാന കേരളമെന്നും സാക്ഷര കേരളമെന്നും പുരോഗമന കേരളമെന്നും ഊറ്റം കൊള്ളുമ്പോഴും കേരളീയ സമൂഹം ഇന്നും ജാതി വർണ വർഗ ചിന്തകളിൽ നിന്നും മോചിതമായിട്ടില്ല എന്ന യാഥാർത്ഥ്യം അടിവരയിടുന്നതാണ് മധു കൊലപാതകം. ആദിവാസി സമൂഹത്തിനോട് ഇന്നും തുടരുന്ന വിവേചനം കുറയ്ക്കാന്‍ കേരളത്തില്‍ മാറി മാറി വരുന്ന ഭരണകൂടങ്ങൾ ആദിവാസികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും പരാജയപ്പെടുന്നു എന്ന തിരിച്ചറിവും നൽകുന്നുണ്ട് ഈ കൊലപാതകം.
നവോത്ഥാന കേരളമെന്നും സാക്ഷര കേരളമെന്നും പുരോഗമന കേരളമെന്നും ഊറ്റം കൊള്ളുമ്പോഴും കേരളീയ സമൂഹം ഇന്നും ജാതി വർണ വർഗ ചിന്തകളിൽ നിന്നും മോചിതമായിട്ടില്ല എന്ന യാഥാർത്ഥ്യം അടിവരയിടുന്നതാണ് മധു കൊലപാതകം
മധുവില്‍ നിന്ന് വിശ്വനാഥനിലേക്ക്
കഴിഞ്ഞ ദിവസമാണ് ആള്‍ക്കൂട്ട വിചാരണയില്‍ മനം നൊന്ത് വിശ്വനാഥനെന്ന ആദിവാസി യുവാവ് ജീവനൊടുക്കിയ വാര്‍ത്ത വന്നത് . എട്ട് വര്‍ഷം കാത്തിരുന്ന സ്വന്തം കുഞ്ഞിനെ പോലും കാണേണ്ടെന്ന ആ മനുഷ്യന് തോന്നിയിട്ടാകും കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപത്തെ മരത്തില്‍ അയാള്‍ ജീവനൊടുക്കി കളഞ്ഞത് . ഭാര്യയുടെ പ്രസവത്തിനു വേണ്ടിയായിരുന്നു വയനാട്ടിലെ ആദിവാസി ഊരില്‍ നിന്നും വിശ്വനാഥന്‍ ചുരമിറങ്ങി കോഴിക്കോടെത്തിയത് . മോഷ്ടിച്ചു എന്നാരോപിച്ച് വിശ്വനാഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയതില്‍ മനംനൊന്താണ് മരിക്കാന്‍ തീരുമാനിച്ചതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു .
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ മെയിന്‍ ഗെയ്റ്റിലും പരിസരത്തും വച്ച് വിശ്വനാഥനെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞ് നിര്‍ത്തി ചോദ്യംചെയ്തിരുന്നു. ആദിവാസി വിഭാഗത്തില്‍ പെടുന്നയാളാണെന്ന് മനസ്സിലാക്കിത്തന്നെയാണ് വിശ്വനാഥൻ്റെ കയ്യിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചത്.
ജനമധ്യത്തില്‍ നേരിടേണ്ടി വന്ന അപമാനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുത്തങ്ങയിലെ വാഗ്ദത്ത ഭൂമിക്കായി പൊരുതിയ ആദിവാസി സമൂഹത്തിനു നേരെ ഭരണകൂടം നിറയൊഴിക്കുകയും ലാത്തി വീശുകയും ചെയ്ത അതേമാസം തന്നെയാണ് മധുവും വിശ്വനാഥനും കേരളീയ സമൂഹത്തിന് മുന്നിൽ ചോദ്യചിഹ്നങ്ങളായി മാറിയത് എന്നതും മറ്റൊരു യാദൃശ്ചികത.