നിയമലംഘകരെ പിടിക്കാന്‍ പരിശോധന തുടരുന്നു; വടക്കഞ്ചേരി അപകടത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും
വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. നിയമ ലംഘനം നടത്തുന്ന ബസുകള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ ഫോക്കസ് 3 സ്പെഷ്യല്‍ ഡ്രൈവില്‍ ഇന്നലെ 134 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി എടുത്തു. 2,16,000 രൂപയാണ് ഇന്നലെ പിഴ ചുമത്തിയത്.11 ബസുകള്‍ വേഗപ്പൂട്ടില്‍ കൃത്രിമം കാണിച്ചതായും 18 ബസുകളില്‍ അനുവദനീയമല്ലാത്ത ലൈറ്റുകള്‍ സ്ഥാപിച്ചതായും പരിശോധനയില്‍ കണ്ടെത്തി.ഈ മാസം മാസം 16 വരെ സംസ്ഥാനത്ത് കര്‍ശനമായ വാഹന പരിശോധനകള്‍ തുടരും. വടക്കഞ്ചേരി അപകടത്തിന് പിന്നാലെ ഹൈക്കോടതി ഇടപെടല്‍ കൂടിയുണ്ടായതോടെയാണ് ഗതാഗത കമ്മീഷണര്‍ പരിശോധന വ്യാപകമാക്കാന്‍ നിര്‍ദേശിച്ചത്.
വടക്കാഞ്ചേരി ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെയും ബസിലുണ്ടായിരുന്ന യാത്രക്കാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. പിഴവുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറിയതായാണ് സൂചന. അപകടത്തിലേക്ക് നയിച്ചത് ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് ചൂണ്ടിക്കാട്ടുന്ന പാലക്കാട് ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറിയേക്കും. അപകടത്തില്‍ കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്ത് പിഴവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.