ഗര്‍ഭപാത്രം നീക്കിയ യുവതിയുടെ തുടര്‍ ചികിത്സയ്ക്ക് കെെക്കൂലി; ഗെെനക്കോളജിസ്റ്റിന് ജാമ്യം
ഗര്‍ഭപാത്രം നീക്കം ചെയ്ത യുവതിക്ക് തുടര്‍ ചികിത്സ നല്കുന്നതിന് കൈക്കൂലി വാങ്ങിയ വനിത ഗൈനക്കോളജിസ്റ്റിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പാലക്കുഴ അര്‍ച്ചന ഭവനില്‍ ഡോ മായാ രാജിനാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, അന്വേഷണവുമായി സഹകരിക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഡിസംബര്‍ 22നാണ് ഡോക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. പരാതിക്കാരന്‍റെ ഭാര്യയെ ഡിസംബര്‍ 19ന് ഹർജിക്കാരി താക്കോല്‍ ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കൈക്കൂലി നല്കാത്തതിനാല്‍ രോഗിയെ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പരാതിക്കാര്‍ വിജിലന്‍ലിനെ സമീപിക്കുകയും, അവര്‍ നല്‍കിയ പണം കൈമാറുമ്പോള്‍ ഡോക്ടറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ വിജിലന്‍സിനെ തെറ്റിദ്ധരിപ്പിച്ച് കെട്ടിച്ചമച്ചതാണ് കേസ് എന്നാണ് ജാമ്യ ഹര്‍ജിയിൽ പറഞ്ഞിരുന്നത്.
ഒപി ചുമതലയുണ്ടായിരുന്നതിനാലാണ് ഡിസംബര്‍ 22ന് വാര്‍ഡില്‍ പരിശോധനയ്ക്കായി എത്താതിരുന്നത്. അന്ന് തന്നെ രണ്ട് പ്രസവ കേസുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുണ്ടായതാണ് പരാതിക്ക് ഇടയായത് എന്നാണ് ഡോക്ടറുടെ വാദം.