'കേരളം സുരക്ഷിത ഭക്ഷണ ഇടം'; ഭക്ഷ്യസുരക്ഷാ പരിശോധനകൾ കര്‍ശനം, പോരായ്മകള്‍ കണ്ടെത്തിയാല്‍ ഉടന്‍ നടപടി
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ബുധനാഴ്ച മുതൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കും. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അപ്രതീക്ഷിത പരിശോധനകള്‍ നടത്തുന്നത് ഉൾപ്പെടെ നടപടികൾ ഊർജിതമാക്കും. 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായാണ് പരിശോധനകൾ കർശനമാക്കുന്നത്. സ്ഥാപനങ്ങള്‍ കൂടാതെ മാര്‍ക്കറ്റുകളിലും ചെക് പോസ്റ്റുകളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ച് ടാസ്‌ക് ഫോഴ്‌സ് പരിശോധനകള്‍ നടത്തും. പോരായ്മകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കും. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഇറക്കിയ ഉത്തരവ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും.
പാഴ്‌സലില്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാല്‍ ആ ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു
സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം. സംസ്ഥാനത്ത് ഷവര്‍മ മാര്‍ഗ നിര്‍ദേശം നിലവിലുണ്ട്. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചിട്ടുമുണ്ട്. ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ പാഴ്‌സലില്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാല്‍ ആ ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും 2 ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിങ്ങിനായി രജിസ്റ്റര്‍ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കാണമെന്നും നിർദേശമുണ്ട്.
അതേ സമയം ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാൻ കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് ഫെബ്രുവരി ഒന്ന് മുതൽ നിർബന്ധമാക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ച് കൂടുതൽ സമയം അനുവദിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ച കൂടിയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്.