ഭക്ഷ്യസുരക്ഷാ പരിശോധന തുടരുന്നു; ഇന്നും ഇന്നലെയും പൂട്ടുവീണത് 36 സ്ഥാപനങ്ങള്‍ക്ക്

ഭക്ഷ്യസുരക്ഷാ പരിശോധന തുടരുന്നു; ഇന്നും ഇന്നലെയും പൂട്ടുവീണത് 36 സ്ഥാപനങ്ങള്‍ക്ക്

ഞായറാഴ്ച 180 സ്ഥാപനങ്ങളിലും തിങ്കളാഴ്ച 461 സ്ഥാപനങ്ങളിലുമാണ് പരിശോധനകള്‍ നടന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്
Updated on
1 min read

സംസ്ഥാന വ്യാപകമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 641 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഞായറാഴ്ച 180 സ്ഥാപനങ്ങളിലും തിങ്കളാഴ്ച 461 സ്ഥാപനങ്ങളിലുമാണ് പരിശോധനകള്‍ നടന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനകളില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഒൻപത് സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇല്ലാതിരുന്ന 27 സ്ഥാപനങ്ങളുടേതുള്‍പ്പെടെ 36 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പ്പിച്ചു. 188 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പ്പിക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി വന്നിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 149 സ്ഥാപനങ്ങളാണ് അടപ്പിച്ചത്

ഓപ്പറേഷന്‍ ഹോളിഡേ കൂടാതെ ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഓയില്‍ എന്നിങ്ങനെയുള്ള പരിശോധനകളും 'നല്ല ഭക്ഷണം നാടിന്റെ അവകാശം' കാമ്പയിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയിരുന്നു. 2019ല്‍ 18,845 പരിശോധനകളും 2020ല്‍ 23,892 പരിശോധനകളും 2021ല്‍ 21,225 പരിശോധനകളുമാണ് ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിനകം അര ലക്ഷത്തോളം പരിശോധനകളും നടത്തി. 2019ല്‍ 45 കടകളും 2020ല്‍ 39 കടകളും 2021ല്‍ 61 കടകളും അടപ്പിച്ചപ്പോള്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 149 സ്ഥാപനങ്ങളാണ് അടപ്പിച്ചത്.

logo
The Fourth
www.thefourthnews.in