കോഴിക്കോട് സ്വകാര്യ  ആശുപത്രിയിൽ  കാല് മാറി ശസ്ത്രക്രിയ; ഇടതുകാലിന് പകരം വലത് കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കാല് മാറി ശസ്ത്രക്രിയ; ഇടതുകാലിന് പകരം വലത് കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

ഡിഎംഒയ്ക്കും ആരോഗ്യമന്ത്രിക്കും പോലീസിനും പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ.
Updated on
1 min read

കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ കാല് മാറി ശസ്ത്രക്രിയ. കക്കോടി സ്വദേശിനി സജ്നയുടെ ഇടത് കാലിന് പകരം വലത് കാലിൽ ശസ്ത്രക്രിയ നടത്തിയെന്നാണ് ആരോപണം. ആദ്യ ഘട്ടത്തിൽ ആശുപത്രി അധികൃതർ തെറ്റ് സമ്മതിച്ചുവെന്ന് രോഗിയുടെ ബന്ധുക്കൾ അറിയിച്ചു. ആശുപത്രി ഓർത്തോ വിഭാഗം മേധാവി ഡോ. ബഹിർഷാൻ ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സജ്ന ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

വാതിലിന് ഇടയിൽ കാല് കുടുങ്ങിയതിനെ തുടർന്നാണ് 60 വയസുകാരിയായ സജ്ന 10 മാസം മുൻപ് ആശുപത്രിയിൽ എത്തുന്നത്. ഫെബ്രുവരി 20 തിങ്കളാഴ്ചയാണ് ശസ്ത്രക്രിയയ്ക്കായി സജ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇന്നലെ രാവിലെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കായി ശുചിയാക്കിയ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തിയത് ചൂണ്ടി കാണിച്ചപ്പോൾ ഡോക്ടർ തെറ്റ് സമ്മതിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഒ പി ചീട്ട്, രോഗിയുടെ കേസ് ഫയൽ, സ്കാനിങ് റിപ്പോർട്ട് എന്നിവയെല്ലാം വച്ച് സംസാരിച്ചപ്പോൾ മാത്രമാണ് മാനേജ്മെന്റിന് മുന്നിൽ ഡോക്ടർ തെറ്റ് സമ്മതിച്ചത്.

ബിപി ഉൾപ്പെടെയുള്ള രോഗാവസ്ഥയുള്ളതിനാൽ വേദനയുള്ള ഇടത് കാലിന് ശസ്ത്രക്രിയ ഇനി ഉടനെ നടത്താനുമാവില്ല. വലത് കാലിന് ചെറിയ പ്രശ്നം ഉള്ളത് കൊണ്ടാണ് സർജറിയെന്ന് ഡോക്ടർ ആദ്യ ഘട്ടം ന്യായീകരിച്ചെങ്കിലും സ്കാനിങ് പോലും ചെയ്യാത്തതും കാല് ശുചിയാക്കാത്തതുമെല്ലാം ചൂണ്ടിക്കാട്ടി ഡോക്ടർക്ക് പിഴവ് വന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഡിഎംഒയ്ക്കും ആരോഗ്യമന്ത്രിക്കും പോലീസിനും പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ.

logo
The Fourth
www.thefourthnews.in