മിനിയുടെ പരാതിക്ക് ഒരാഴ്ചയ്ക്കകം പരിഹാരമായി; റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ അനുമതി നല്‍കി വനം വകുപ്പ്

മിനിയുടെ പരാതിക്ക് ഒരാഴ്ചയ്ക്കകം പരിഹാരമായി; റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ അനുമതി നല്‍കി വനം വകുപ്പ്

കോതമംഗലം പിച്ചപ്ര-കടുക്കാസിറ്റി-പെരിയാര്‍ റോഡ് ഗതാഗത യോഗ്യമാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ശാരീരിക വെല്ലുവിളി നേരിടുന്ന മിനി കുട്ടപ്പൻ വനം മന്ത്രിയെ കണ്ട് പരാതി നല്‍കിയത്
Updated on
1 min read

വീടിന് സമീപത്തെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതി നല്‍കിയ പരാതിയില്‍ ഒരാഴ്ചയ്ക്കകം പരിഹാരം. കോതമംഗലം പിണ്ടിമന പഞ്ചായത്ത് ഒന്നാം വാര്‍ഡ് പിച്ചപ്രകടുക്കാ- സിറ്റി പെരിയാര്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായാണ് മിനി കുട്ടപ്പൻ വനം വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയത്.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മിനി കുട്ടപ്പന്‍ കുട്ടം പുഴയില്‍ ഈ മാസം 18ന് നടന്ന വനസൗഹൃദസദസ്സിലെത്തി വനം വകുപ്പ് മന്ത്രിയെ നേരില്‍ കാണുകയായിരുന്നു. അരയ്ക്ക് കീഴെ തളര്‍ന്ന് നടക്കാന്‍ പോലും ബുദ്ധിമുട്ടനുഭവിക്കുന്ന മിനിക്ക് വേദിയിൽ എത്താൻ കഴിയാതെവന്നപ്പോൾ മന്ത്രി അടുത്തെത്തി പരാതി നേരിട്ട് വാങ്ങുകയായിരുന്നു.

നിബന്ധനകള്‍ക്ക് വിധേയമായി റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ പിണ്ടിമന പഞ്ചായത്തിന് അനുവാദം നല്‍കികൊണ്ട് കഴിഞ്ഞ ദിവസം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഉത്തരവിറക്കി. കടുക്കാസിറ്റി- പെരിയാര്‍ റോഡില്‍ വന ഭൂമി ഉള്‍പ്പെടുന്ന 630 മീറ്റര്‍ നീളവും പിച്ചപ്ര- കടുക്കാസിറ്റി റോഡില്‍ 550 മീറ്റര്‍ നീളവും വനം വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കോണ്‍ക്രീറ്റ് ചെയ്യാനാണ് ഉത്തരവായത്. ഈ വിവരം മന്ത്രി ഫേസ് ബുക്കിലൂടെയും പങ്കുവച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

അരയ്ക്കുതാഴെ തളര്‍ന്ന് നടക്കാന്‍ പോലും സാധിക്കാതെ കുട്ടമ്പുഴയില്‍ നടന്ന വന സൗഹൃദ സദസ്സിലെത്തി പരാതി നല്‍കിയ മിനി കുട്ടപ്പന് നല്‍കിയ വാക്ക് പാലിച്ചു. എറണാകുളം ജില്ലിയിലെ പിണ്ടിമന പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മാറിയേലില്‍ മിനി കുട്ടപ്പനാണ് തകര്‍ന്നു കിടക്കുന്ന പിച്ചപ്ര-കടുക്കാസിറ്റി-പെരിയാര്‍ റോഡ് ഗതാഗത യോഗ്യമാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. അവര്‍ക്കൊപ്പമിരുന്ന് പരാതികള്‍ മുഴുവന്‍ കേട്ട ശേഷം സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഉടന്‍ തന്നെ പരാതി പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിബന്ധനകള്‍ക്ക് വിധേയമായി റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ പിണ്ടിമന പഞ്ചായത്തിന് അനുവാദം നല്‍കികൊണ്ട് കഴിഞ്ഞ ദിവസം വകുപ്പ് ഉത്തരവിറക്കി. കടുക്കാസിറ്റി- പെരിയാര്‍ റോഡില്‍ വന ഭൂമി ഉള്‍പ്പെടുന്ന 630 മീറ്റര്‍ നീളവും പിച്ചപ്ര- കടുക്കാസിറ്റി റോഡില്‍ 550 മീറ്റര്‍ നീളവും വനം വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കോണ്‍ക്രീറ്റ് ചെയ്യാനാണ് ഉത്തരവായിട്ടുള്ളത്.

https://m.facebook.com/story.php?story_fbid=pfbid0wP2DTfsVAp3tG1XpxvranCNtox5DqR7DauYNSiTRgDkr9z5iTMZSNobd5fF2Zebjl&id=100052096302548&mibextid=Nif5oz
logo
The Fourth
www.thefourthnews.in