വയനാട്ടിലെ ജനവാസകേന്ദ്രങ്ങളിലെ കടുവകളുടെ സാന്നിധ്യം; വിശദമായ പഠനം നടത്താന്‍ വനം വകുപ്പ്

വയനാട്ടിലെ ജനവാസകേന്ദ്രങ്ങളിലെ കടുവകളുടെ സാന്നിധ്യം; വിശദമായ പഠനം നടത്താന്‍ വനം വകുപ്പ്

2018ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ 190 കടുവകളില്‍ 80 എണ്ണവും വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ്
Updated on
1 min read

വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളില്‍ കടുവകളുടെ സാന്നിധ്യം പതിവാകുന്ന സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ കടുവകളുടെ എണ്ണത്തെ കുറിച്ചും ഇരകളുടെ ലഭ്യതയെ കുറിച്ചും വിശദമായ പഠനം നടത്താന്‍ വനം വകുപ്പ്. 2018 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ 190 കടുവകളില്‍ 80 എണ്ണവും വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ്. എന്നാല്‍ കടുവകളുടെ കൃത്യമായ എണ്ണം അതിനേക്കാള്‍ കൂടുതലാണെന്നും 150നും 170നും ഇടയില്‍ കടുവകളുണ്ടെന്നും വയനാട്ടിലെ കര്‍ഷകര്‍ പറയുന്നു. ഇരകള്‍ കുറഞ്ഞപ്പോഴാണ് കടുവകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് എന്നാണ് ആരോപണം. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി സംരക്ഷണ പ്രവര്‍ത്തകരും ഇത് നിഷേധിക്കുന്നു.

വന്യജീവി സങ്കേതത്തില്‍ ഇരകളുടെ ലഭ്യതക്കുറവ് ഉണ്ടെന്ന വാദം ശരിയല്ല. നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമായ പ്രദേശം ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. ഇന്ത്യന്‍ കാട്ടുപോത്ത്, മാന്‍, കാട്ടുപന്നി എന്നിവ ധാരാളമായി ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്നതിനാല്‍ തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും കടുവാ സങ്കേതങ്ങളില്‍ നിന്ന് കടുവകള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഇത് പക്ഷേ നല്ല സൂചനയല്ലെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ പറഞ്ഞു.

പല തവണ വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ കടുവാ സെന്‍സസ് നടത്തിയിട്ടുണ്ടെങ്കിലും കണക്കുകള്‍ കൃത്യമല്ല. കാലാവസ്ഥ മാറുന്നതനുസരിച്ച് ഇവിടെ നിന്നും മൃഗങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറിപ്പോവുന്നതിനാല്‍ കൃത്യമായ എണ്ണം എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ടെറിറ്ററികള്‍ നഷ്ടപ്പെടുന്ന കടുവകളും ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും വയനാട് വന്യജീവി വാര്‍ഡനായ കെ അബ്ദുള്‍ അസീസ് പറയുന്നു.

ജനവാസ മേഖലകളില്‍ കടുവകളുടെ സാന്നിധ്യമുണ്ടാകുന്നത് ഗൗരവമായാണ് വനംവകുപ്പ് കാണുന്നത്. കടുവകളുടെ എണ്ണത്തെക്കുറിച്ചും ഇരകളുടെ ലഭ്യതയെക്കുറിച്ചും വിശദമായ പഠനം നടത്താന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ ഷജ്‌ന അറിയിച്ചു. സാധാരണയായി ഒരു കടുവയുടെ ടെറിറ്ററി 25 കിലോമീറ്റർ പരിധിയിലായിരിക്കും. എന്നാല്‍ വയനാട്ടില്‍ കടുവകളുടെ എണ്ണം കൂടുതലായതിനാല്‍ ടെറിറ്ററി 25 കിലോമീറ്ററിന് താഴെയായിരിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ അഭിപ്രായം

അതേ സമയം വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. രാത്രികാലങ്ങളിൽ ആർആർടികളെ കൂടുതൽ സജീവമാക്കുന്ന വിധം സമയക്രമീകരണം നടത്തുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ക്രമീകരിച്ച് കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.

logo
The Fourth
www.thefourthnews.in