ബഫർ സോൺ പരാതികൾ മുഴുവൻ പരിഹരിച്ചുവെന്ന് വനം മന്ത്രി; സർക്കാരിന് ലഭിച്ചത് 63,615 പരാതികൾ
പരിസ്ഥിതിലോല പ്രദേശവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെല്‍പ് ഡെസ്‌കുകളില്‍ ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. നേരിട്ടും ഇമെയിൽ വഴിയും ലഭിച്ച 63,615 പരാതികളാണ് പരിഹരിച്ചത്. പരാതിയായി ലഭിച്ച 81,258 കെട്ടിടങ്ങളുടെയും വീടുകളുടെയും ചിത്രങ്ങൾ ഉദ്യോഗസ്ഥർ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എണ്‍വയോണ്‍മെന്റ് സെന്ററിന്റെ (KSREC) അസറ്റ് മാപ്പര്‍ ആപ്ലിക്കേഷന്‍ വഴി അപ്‌ലോഡ് ചെയ്തു.
ഇത് പരിശോധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അപ്‌ലോഡ് ചെയ്ത വീടുകളും കെട്ടിടങ്ങളും സംബന്ധിച്ച വിവരങ്ങള്‍ KSREC പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി വിദഗ്ധ പരിശോധനാ സമിതിയ്ക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി വിധിയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിട്ടിരുന്നു. വിധി ബാധകമായ എല്ലാ മേഖലകള്‍ക്കും കൂട്ടായി ഇളവ് നല്‍കുന്ന തീരുമാനം രണ്ടംഗ ബെഞ്ചിന് എടുക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിട്ടത്. ബഫർസോൺ വിധിയിലെ അപാകതകൾ പരിഹരിക്കാമെന്നും ഖനനവുമായി ബന്ധപ്പെട്ടാണ് നിഷ്കർഷയെന്നും മറ്റ് ഇളവുകൾ പരിഗണിക്കാമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. കേരളത്തിന് ഏറെ ആശ്വാസം നൽകുന്നതായിരുന്നു കോടതി നിരീക്ഷണം. അതേസമയം പുനഃപരിശോധനാ ഹര്‍ജികള്‍ തത്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ പരിസ്ഥിതിലോല മേഖലകളിൽ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനകളിൽ 80,000ത്തിലധികം പുതിയ നിർമിതികൾ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഉപഗ്രഹ സർവേ കണക്കുകൾക്ക് പുറമെയാണിത്.