സമരപ്പന്തലില്‍ സരുണും കുടുംബവും
സമരപ്പന്തലില്‍ സരുണും കുടുംബവും

ആദിവാസി യുവാവിനെതിരായ കള്ളക്കേസ്: ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റിൽ

കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു
Updated on
1 min read

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി സി ലെനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇടുക്കി കിഴുകാനത്ത് സരുണ്‍ സജി എന്ന യുവാവിനെ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി. കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

സരുണ്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് വില്‍പ്പനയ്ക്ക് കൊണ്ടുപോയ കാട്ടിറച്ചി കണ്ടെത്തിയെന്നായിരുന്നു കള്ളക്കേസ്

സെപ്റ്റംബര്‍ 20നാണ് കാട്ടിറച്ചി വിറ്റുവെന്നാരോപിച്ച് സരുണിനെതിരെ കേസെടുത്തത്. കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സരുണിനെ അറസ്റ്റ് ചെയ്തത്. സരുണ്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് വില്‍പ്പനയ്ക്ക് കൊണ്ടുപോയ കാട്ടിറച്ചി കണ്ടെത്തിയെന്നായിരുന്നു കേസ്. സരുണിന് 10 ദിവസത്തെ ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു. എന്നാല്‍ അധികം വൈകാതെ ഇത് കള്ളക്കേസാണെന്ന് തെളിഞ്ഞു.

സമരപ്പന്തലില്‍ സരുണും കുടുംബവും
ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

കള്ളക്കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സരുണ്‍ സജി എസ് സി -എസ് ടി കമ്മിഷന് പരാതി നല്‍കിയതാണ് വഴിത്തിരിവായത്. തുടര്‍ന്ന് 13 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. പിന്നാലെ ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ നിരോധന നിയമപ്രകാരമുള്ള കേസായതിനാല്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതോടെയാണ് പോലീസ് അറസ്റ്റ് നീക്കവുമായി മുന്നോട്ട് പോയത്.

കേസിലെ ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികളായ കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍ കുമാര്‍, വി സി ലെനില്‍, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ ജിമ്മി ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കൂടാതെ നാല് മുതല്‍ ഏഴ് വരെയുള്ള പ്രതികളോട് 15 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in