കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ്‌റേഞ്ച് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍
കേസിൽ നിന്നൊഴിവാക്കി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജിലന്‍സ് പിടിയിൽ. ഇടുക്കി ജില്ലയിലെ തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ലിബിന്‍ ജോർജാണ് ഒരു ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയിൽ വിജിലന്‍സിന്റെ പിടിയിലായത്. മ്ലാവിന്റെ കൊമ്പ് പിടിച്ച കേസിൽ നിന്ന് ഒഴിവാക്കാനുള്ള കൈക്കൂലിയായിട്ടാണ് ലിബിൻ ജോർജ് പരാതിക്കാരനോട് തുക ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിന് പരാതി നൽകുകയും ലിബിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഓപ്പറേഷൻ കുബേരയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ തൊടുപുഴ സ്വദേശിയായ വ്യക്തിയുടെ വീട്ടിൽ നിന്ന് മ്ലാവിന്റെ കൊമ്പ് കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. ഈ കേസിൽ നിന്ന് മോചിപ്പിക്കാം പകരം ഒരു കുപ്പി മദ്യം നൽകി കാണേണ്ടത് പോലെ കണ്ടാൽ മതി എന്നായിരുന്നു ഫോറസ്റ്റ് ഓഫീസർ പരാതിക്കാരനോട് ആദ്യം ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് ഒരു കുപ്പി മദ്യവുമായി ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ പരാതിക്കാരനോട് ഇതു പോരായെന്നും കേസില്‍ നിന്ന് ഒഴിവാക്കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നും ലിബിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. തുകയിൽ ഇളവ് ചോദിച്ചപ്പോൾ പോലീസ് കേസ് അല്ലെന്നും, ഫോറസ്റ്റ് കേസ് ആണെന്നും അതു കൊണ്ട് വില പേശല്‍ പറ്റില്ലയെന്നുമായിരുന്നു ലിബിൻ ജോർജിന്റെ മറുപടി.
തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സിന്റെ കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് ശ്രീ വി ജി വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം വിജിലന്‍സ് ഇടുക്കി യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജി ജോസിന്റെ പദ്ധതി പ്രകാരം വൈകുന്നേരം ഏഴ് മണിയോടെ മുട്ടത്തുള്ള റേഞ്ച് ഓഫീസറുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി പരാതിക്കാരൻ കൈക്കൂലി നൽകുകയായിരുന്നു. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ലിബിന്‍ ജോര്‍ജിനെ വിജിലന്‍സ് കയ്യോടെ പിടികൂടി. ഷാജി ജോസിനെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ ടിപ്‌സണ്‍ തോമസ്, കിരണ്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോയ് ഷാജികുമാര്‍, സ്റ്റാന്‍ലി തോമസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബേസില്‍ സഞ്ജയ് എസ് സി പി ഓമാരായ അരുണ്‍, സന്ദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ പ്രതിയെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.