'അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രം'; സോളാര്‍ കമ്മീഷനെതിരെ 
മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍

'അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രം'; സോളാര്‍ കമ്മീഷനെതിരെ മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍

'നീതി എവിടെ' എന്ന പേരില്‍ പുറത്തിറക്കിയ ആത്മകഥയിലാണ് എ ഹേമചന്ദ്രന്റെ പരാമര്‍ശം
Updated on
1 min read

സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ അന്വേഷിച്ചത് മസാലക്കഥകള്‍ മാത്രമാണെന്ന് ഹേമചന്ദ്രന്‍ പുസ്തകത്തില്‍ പറയുന്നു. സദാചാര പോലീസിന്റെ മാനസികാവസ്ഥയിലാണ് ജ. ശിവരാജന്‍ കേസിനെ സമീപിച്ചതെന്ന ഗുരുതര വിമര്‍ശനവും ഹേമചന്ദ്രൻ ഉന്നയിക്കുന്നുണ്ട്. നീതി എവിടെ എന്ന പേരില്‍ പുറത്തിറക്കിയ ആത്മകഥയിലാണ് ഏറെ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുള്ള വിമര്‍ശനം.

പരാതിക്കാരിയുടെ മാന്ത്രിക വലയത്തില്‍ വീണുപോയതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു

വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ ശ്രമമെന്ന് അത്മകഥയില്‍ പറയുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം മൊഴി എടുക്കാന്‍ വിളിച്ചപ്പോള്‍ അത്മനിയന്ത്രണം വിട്ട തരത്തില്‍ കമ്മീഷന്‍ പെരുമാറിയെന്നും മതിയായ കരുതലും ജാഗ്രതയുമില്ലാതെ കമ്മീഷന്‍ പരാതിക്കാരിയുടെ മാന്ത്രിക വലയത്തില്‍ വീണുപോയതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കമ്മീഷന്റെ കണ്ടെത്തലില്‍ നിയമ സാധ്യത പോലും പരിശോധിക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോയതായും സോളാര്‍ കേസ് അന്വേഷിക്കാന്‍ തന്റെ ഒപ്പം പ്രവര്‍ത്തിച്ച ഉദ്യേഗസ്ഥര്‍ക്ക് എതിരെയുള്ള നടപടി അസ്വസ്ഥനാക്കിയതായും പുസ്തകത്തില്‍ പറയുന്നു.

സോളാര്‍ കേസില്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പും ഗൂഢാലോചനയും നടന്നുവെന്ന മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് എ ഹേമചന്ദ്രന്‍ ചന്ദ്രന്റെ തുറന്നുപറച്ചില്‍. ശബരിമല വിഷയത്തെപ്പറ്റിയും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയില്‍ പോലീസിന് അടിതെറ്റിയതായും നിരീക്ഷക സമിതി അംഗമെന്ന നിലയില്‍ ശബരിമലയിലെ പോലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നുവെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in