അരിയിൽ ഷുക്കൂർ വധം; ജയരാജനെ രക്ഷിക്കാൻ ശ്രമിച്ചെന്ന വാദം തളളി കുഞ്ഞാലിക്കുട്ടി
അരിയില്‍ ഷുക്കൂര്‍ വധത്തില്‍ ടി പി ഹരീന്ദ്രന്റെ ആരോപണം തള്ളി പികെ കുഞ്ഞാലിക്കുട്ടി. ഷുക്കൂര്‍ വധക്കേസില്‍ നീതി ലഭിക്കാന്‍ വേണ്ടി താന്‍ നടത്തിയ പോരാട്ടം എല്ലാവര്‍ക്കും അറിയാം. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വരെ പോയതാണ്. ഇതിന് പിന്നില്‍ ചില ആളുകളെ ഞങ്ങള്‍ക്ക് സംശയമുണ്ടെന്നും സൂചന മാത്രമായതിനാല്‍ ആരാണെന്ന് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഷുക്കൂര്‍ വധത്തില്‍ പി ജയരാജനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന അഡ്വക്കേറ്റ് ടി പി ഹരീന്ദ്രന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി.
ഈ കേസ് നിയമപരമായി തന്നെ നേരിടും. പല നേതാക്കളും ഇതിനെതിരെ ക്രിമിനല്‍ കേസ് കൊടുത്തിട്ടുണ്ട്. താന്‍ തന്നെ കേസിനായി നേരിട്ട് രംഗത്തിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹരീന്ദ്രൻറെ വാദം തള്ളി കേസ് അന്വേഷിച്ച മുൻ ഡിവൈഎസ്പി പി സുകുമാരൻ ഇതിന് മുൻപ് രംഗത്തെത്തിയിരുന്നു. കേസില്‍ താന്‍ ആരോടും നിയമോപദേശം തേടിയിട്ടില്ല. കേസില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായി അന്നത്തെ എസ്പി തന്നോട് പറഞ്ഞിട്ടുമില്ല. കുഞ്ഞാലിക്കുട്ടി എവിടെയും ഇടപെട്ടിട്ടില്ലെന്നും ടിപി ഹരീന്ദ്രന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹരീന്ദ്രൻറെ ഫേസ്ബുക്ക് കുറിപ്പ് ലീഗിലും കോൺഗ്രസിലും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അരിയിൽ ഷുക്കൂർ വധത്തിൽ പി ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നായിരുന്നു അഡ്വക്കേറ്റ് ടി പി ഹരീന്ദ്രൻറെ ആരോപണം. ഈ ആരോപണത്തെ ഗൗരവമായി കാണണമെന്ന് കെ സുധാകരന്‍ പറഞ്ഞതും ലീഗിനെ ചൊടിപ്പിച്ചിരുന്നു. നാളെ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഇത് ചര്‍ച്ചയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ലീഗ് നേതൃത്വം. ഈ പരാമര്‍ശം എന്ത് അര്‍ത്ഥത്തിലാണ് കെപിസിസി പ്രസിഡന്റ് ഇത് പറഞ്ഞതെന്ന് അന്വേഷിക്കുമെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു
എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിട്ടില്ലെന്ന വാദവുമായി കെ സുധാകരന്‍ രംഗത്തെത്തി. കോണ്‍ഗ്രസ് ദിനാഘോഷത്തില്‍ എത്തിയ സമയത്ത് അഭിഭാഷകനായ ടിപി ഹരീന്ദ്രന്റെ ആരോപണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പഠിച്ചിട്ട് പ്രതികരിക്കാം എന്നാണ് പറഞ്ഞതെന്ന് കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുഞ്ഞാലിക്കുട്ടി സാഹിബിന് എതിരായ ആരോപണം അടിസ്ഥാന രഹിതമാണ്. അരിയില്‍ ഷുക്കൂറിനെ കൊന്നതും, കൊല്ലിച്ചതും, കൊലയാളികളെ സംരക്ഷിക്കുന്നതും സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടി തന്നെയാണെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പികെ കുഞ്ഞാലിക്കുട്ടി പി ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന് അഡ്വ ഹരീന്ദ്രന്‍ ആരോപിച്ചിരുന്നു. രാത്രി 12 മണിവരെ കുഞ്ഞാലിക്കുട്ടിക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പക്ഷേ കേസില്‍ 302 ഐപിസി വെയ്‌ക്കേണ്ടെന്ന് കണ്ണൂര്‍ എസ്പിയെ വിളിച്ചു പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണെന്നാണ് ഹരീന്ദ്രന്റെ ആരോപണം. സ്വന്തം പ്രവര്‍ത്തകന്റെ ശവത്തോട് പോലും നീതി പുലര്‍ത്താത്ത നേതാവെന്നും കുഞ്ഞാലിക്കുട്ടിയെ ഹരീന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആക്ഷേപിച്ചിരുന്നു. 2012 ഫെബ്രുവരി 20 നാണ് സിപിഎമ്മുകാര്‍ ഷുക്കൂറിനെ വധിക്കുന്നത്.