കുസാറ്റ് അപകടം: മരിച്ചവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു; ഹെല്‍പ് ഡെസ്ക് തുറന്നു, നമ്പർ: 8075774769
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് വിദ്യാർഥികളെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരാണ് അപകടത്തിൽ മരിച്ച വിദ്യാർത്ഥികളെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. മരിച്ച മൂന്നു പേരും രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മരിച്ച നാലാമത്തെയാളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. അപകടത്തിൽ പരുക്കേറ്റ നാല് പെൺകുട്ടികളുടെ നില ഗുരുതരമെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ പറഞ്ഞു.
നിലവിൽ പരുക്കേറ്റ രണ്ട് വിദ്യാർത്ഥികളെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കി രണ്ട് പേർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അപകടസ്ഥലത്തു നിന്നും എഴുപതോളം പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്, ഇതിൽ 46 പേരും കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. ബാക്കിയുള്ളവരെ മറ്റ് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിച്ചിട്ടുണ്ടെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളേജില്‍ അല്‍പസമയത്തിനകം മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തം: മുഖ്യമന്ത്രി
നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചിരിക്കുന്നതെന്നും, മരണപ്പെട്ട നാലു വിദ്യാർത്ഥികളുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും എറണാകുളത്തേയ്ക്ക് തിരിച്ചെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തുകയും ദുഃഖസൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഹൃദയഭേദകമായ ദുരന്തമാണ് കളമശ്ശേരി കുസാറ്റ് കാമ്പസിൽ ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. "എൻ്റെ കണ്മുന്നിൽ കാണുന്ന കഴ്ചകൾ വേദനാജനകമാണ്. അപകടത്തിൽപ്പെട്ടവർക്ക് മികച്ച ചികിത്സാ സംവിധാനം സർക്കാർ സജ്ജമാക്കണം" അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനത്തിന്റെ സമയമാണിപ്പോൾ, എല്ലാവരും അതിന്റെ ഭാഗമാകണാമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ഹെല്പ് ഡെസ്ക് തുറന്നു. നമ്പർ: 8075774769