ഷാജഹാന്‍
ഷാജഹാന്‍

ഷാജഹാന്റെ കൊലപാതകം: ബന്ധുക്കള്‍ കാണാനില്ലെന്ന് പരാതിപ്പെട്ട ആവാസ് അടക്കം നാല് പേര്‍ കൂടി അറസ്റ്റില്‍

കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി
Updated on
1 min read

പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇന്നലെ രാത്രിയോടെയാണ് നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത് കാണാതായെന്ന് പരാതി ലഭിച്ച ഒരാളും ഇതിൽ ഉള്‍പ്പെടും. എല്ലാവരും ബിജെപി ബന്ധമുള്ളവരെന്ന് പോലീസ് പറയുന്നു.

ജിനേഷ്, സിദ്ധാര്‍ത്ഥ്, ബിജു, ആവാസ് എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൊലപാതകം നടത്തിയവര്‍ക്ക് ആയുധം എത്തിച്ചു നല്‍കി, ഒളിവില്‍ താമസിക്കാന്‍ സഹായിച്ചു എന്നിവയാണ് ഇവര്‍ക്കെതിരായ കുറ്റം. ജിനേഷ് ബിജെപി ചെമ്പന ബൂത്ത് കമ്മിറ്റി സെക്രട്ടറിയും മറ്റുള്ളവര്‍ ബിജെപി പ്രവര്‍ത്തകരും ആണെന്ന് പോലീസ് വ്യക്തമാക്കുന്നു. നേരത്തെ അറസ്റ്റിലായ ശിവരാജിന്റെ സഹോദരനാണ് സിദ്ധാർത്ഥ്. കൊലപാതകത്തില്‍ രണ്ട് പേര്‍ക്ക് കൂടി പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിലായ ആവാസിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ കഴിഞ്ഞ ദിവസം കോടിയെ സമീപിച്ചിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം കാണാനില്ലെന്ന് പരാതിയുമായി ജയ്‌രാജ് എന്ന ആളുടെ ബന്ധുക്കളും കോടതിയിലെത്തി. പരാതികളുടെ പശ്ചാത്തലത്തില്‍ പാലക്കാട് മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് അഭിഭാഷക കമ്മീഷനെയും നിയമിച്ചു. തുടര്‍ന്ന് ഏകാംഗ കമ്മീഷന്‍ പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലും നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലും അടക്കം പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. കമ്മീഷന്‍ പരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനിടെയാണ് ആവാസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 14 നാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിക്കും മുന്‍പ് മരണം സംഭവിച്ചിരുന്നു. കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്നും പിടിയിലായവര്‍ ബിജെപി ബന്ധമുള്ളവരെന്നും പോലീസ് വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in