മധു വധക്കേസിൽ നാല് പ്രതികള്‍ കൂടി ഇന്ന് കൂറുമാറി
അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറ്റം തുടരുന്നു. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും കൂറുമാറി. അനൂപ്, മനാഫ്, രഞ്ജിത്ത്, മണികണ്ഠൻ എന്നിവരാണ് കൂറുമാറിയത്. മുപ്പത്തിരണ്ട് മുതൽ മുപ്പത്തിയഞ്ച് വരെയുള്ള സാക്ഷികളാണ് ഇവർ. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ഇരുപതായി. അതേസമയം കഴിഞ്ഞ ദിവസം കൂറുമാറിയ 29-ാം സാക്ഷി സുനില്‍കുമാര്‍ ഇന്ന് നടന്ന പുനര്‍ വിസ്താരത്തില്‍ മൊഴി തിരുത്തി.
മധുവിനെ പിടിച്ചുകൊണ്ട് പോകുന്നതും മർദിക്കുന്നതും കണ്ടുവെന്നായിരുന്നു കൂറുമാറിയ നാല് സാക്ഷികളും പൊലീസിന് കൊടുത്ത മൊഴി. ഈ മൊഴിയാണ് ഇവർ കോടതിയിൽ മാറ്റിപ്പറഞ്ഞത്.
കഴിഞ്ഞ ദിവസം കൂറുമാറിയ സുനിൽ ഇന്ന് നടന്ന പുനർവിസ്താരത്തിൽ മൊഴി തിരുത്തിയിരുന്നു. കൂറുമാറിയതോടെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. വിചാരണയ്ക്കിടെ കൊല്ലപ്പെട്ട മധുവും സാക്ഷിയായ സുനിലും ഉൾപ്പെടുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, ഒന്നും കാണുന്നില്ലെന്ന് സുനിൽ മൊഴി നൽകി. എന്നാൽ സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിക്കാന്‍ ഉത്തരവിട്ട കോടതി സുനിലിന്റെ കാഴ്ചയ്ക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തി. ഇതേ തുടർന്ന് നടത്തിയ പുനർവിസ്താരത്തിൽ ദൃശ്യങ്ങളിലുള്ളത് താന്‍ തന്നെയെന്നും മധു മര്‍ദനമേറ്റ് ഇരിക്കുന്നത് കണ്ടുവെന്നും സുനില്‍കുമാര്‍ സമ്മതിക്കുകയായിരുന്നു.