അടുത്ത വര്‍ഷം മുതല്‍ ബിരുദ പഠനം നാല് വര്‍ഷം: മന്ത്രി ആര്‍ ബിന്ദു
ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ ബിരുദ പഠനം നാല് വര്‍ഷമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ നിലവിലെ കരിക്കുലം സമഗ്രമായി പരിഷ്‌കരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്.
കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് മാതൃകാ കരിക്കുലം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദേശിച്ചിരുന്നു. ഇതിനായി രണ്ട് ദിവസത്തെ സംസ്ഥാനതല ശില്പശാല നാളെ തിരുവനന്തപുരത്ത് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം അഭിരുചികള്‍ അനുസരിച്ചുള്ള വിഷയങ്ങള്‍ പഠനത്തിന് തിരഞ്ഞെടുക്കാനും കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാനും സ്വാതന്ത്ര്യം ഉറപ്പുവരുത്തല്‍, തൊഴില്‍നൈപുണ്യം, പ്രായോഗിക പരിശീലനം നേടുന്നതിന് അവസരമൊരുക്കല്‍ എന്നിവ പുതിയ കരിക്കുലത്തിന്റെ ഭാഗമാക്കുമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
നാല് വര്‍ഷ ബിരുദ പഠനത്തില്‍ എട്ടാം സെമസ്റ്റര്‍ പൂര്‍ണമായും ഇന്റേണ്‍ഷിപ്പിനോ പ്രൊജക്ടിനോ അവസരം ലഭിക്കും. കരിക്കുലം പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഉയരാനിടയുള്ള അധ്യാപകരുടെ ജോലിഭാരവുമായി ബന്ധപ്പെട്ട ആശങ്കകളും ശില്പശാലയില്‍ ചര്‍ച്ചചെയ്യും. തയാറാക്കുന്ന രൂപരേഖ പൊതുസമൂഹത്തിലും ചര്‍ച്ചക്ക് വിധേയമാക്കിയ ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുകയെന്നും മന്ത്രി വ്യക്തമാക്കി.