അമ്പൂരി മുതല്‍ ചൂരല്‍മല വരെ; കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലുകള്‍
2001 നവംബര്‍ ഒമ്പത്. നെയ്യാറിന്റെ തീരത്തെ അമ്പൂരിയെന്ന കുടിയേറ്റ ഗ്രാമത്തില്‍ രണ്ട് ദിവസമായി മഴയുണ്ടായിരുന്നു. എന്നാല്‍ ഉരുള്‍പൊട്ടലൊന്നും വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന കേരളത്തില് അത് ആരും പ്രതീക്ഷിച്ചിരുന്നില്ല. മലയോരഗ്രാമത്തില്‍ താമസിച്ചിരുന്ന സി ഡി തോമസിന്റെ മകന്റെ മനസമ്മത തലേന്ന് നിരവധി പേര്‍ തോമസിന്റെ വീട്ടില്‍ ഒത്തുകൂടിയിരുന്നു. രാത്രി എട്ടേകാലോടെ കുരിശുമലയില്‍ നിന്നും സമീപവാസികള്‍ ഒരു ശബ്ദം കേട്ടു. നല്ല ഇടിയും മിന്നലുമുണ്ടായിരുന്നതിനാല്‍ വലിയ ഇടിയായിരിക്കും ഇത് എന്നാണ് പലരും വിശ്വസിച്ചത്. എന്നാല്‍ ബോംബ് പൊട്ടും പോലെയുള്ള ശബ്ദത്തിന് പിന്നാലെ വലിയ പാറക്കല്ലുകളും ചെളിയും മലവെള്ളവും കുരിശുമലയുടെ താഴ്‌വാരത്തെ നാല് വീടുകളിലേക്ക് വന്ന് പതിച്ചു. പൂച്ചമുക്കില്‍ താമസിച്ചിരുന്നവരും മനസമ്മതത്തിനായി എ്ത്തിയവരും ഉള്‍പ്പെടെ 39 പേര്‍ ഉരുള്‍പൊട്ടലില്‍ ഇല്ലാതായി. ഇതായിരുന്നു അന്നേവരെ കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം.
പിന്നീട് വര്‍ഷങ്ങളോളം മണ്ണിടിച്ചിലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പലയിടങ്ങളിലും വ്യക്തികള്‍ അതില്‍ മരിക്കുകയും ചെയ്തു. എന്നാല്‍ കൂട്ടക്കൊല നടത്തുന്ന ഉരുളുകള്‍ ഉണ്ടായില്ല. പക്ഷേ 2018ല്‍ കേരളത്തിലെ കാലാവസ്ഥ പരിപൂര്‍ണമായും മാറ്റിമറിക്കപ്പെട്ട ആ ദിവസങ്ങള്‍ക്ക് ശേഷം ആ സാഹചര്യം മാറി. 2018ല്‍ മഹാപ്രളയത്തെ മുന്നില്‍ കണ്ട വര്‍ഷത്തില്‍ കേരളത്തില്‍ 10 ജില്ലകളിലായി 341 മണ്ണിടിച്ചിലുകളാണ് ഉണ്ടായത്. 104 പേര്‍ ആ വര്‍ഷത്തില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചു.
എന്നാല്‍ പ്രകൃതിയുടെ ഏറ്റവും രൂക്ഷമായ മുഖം കണ്ടത് 2019ലായിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ എട്ട് ജില്ലകളിലായി 120 പേരുടെ ജീവന്‍ ഉരുള്‍പൊട്ടല്‍ കവര്‍ന്നു. ആ വര്‍ഷം 477 പേരാണ് കേരളത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചത്. രാജ്യത്ത് തന്നെ ആ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കായിരുന്നു അത്. കേരളത്തെ മുഴവന്‍ വിറപ്പിച്ച കവളപ്പാറയും പുത്തുമലയും സംഭവിക്കുന്നത് ആ വര്‍ഷമാണ്. 2019- ഓഗസ്റ്റ് എട്ട്- ആ ദിവസമാണ് പുത്തുമലയിലും കവളപ്പാറയിലും ഉരുള്‍പൊട്ടിയത്. വൈകിട്ട് നാല് മണി കഴിഞ്ഞ സമയത്ത് വീടുകളും എസ്റ്റേറ്റ് പാടികളും നിന്നിരുന്ന പുത്തമല താഴ്‌വാരത്തേക്ക് മല പൊട്ടിയൊലിക്കുന്നു.
2019 ഓഗസ്റ്റ് എട്ടിന് വൈകിട്ടാണ് ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കിയ പുത്തുമല ദുരന്തം സംഭവിക്കുന്നത്. അന്ന് കേരളത്തെ നടുക്കിയ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളില്‍ ഒന്നായിരുന്നു അത്. നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പുത്തുമലയിലും മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. 17 പേരുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തില്‍ ഇനിയും അഞ്ച് പേരെ കണ്ടെത്താനായിട്ടില്ല. മേപ്പാടി പച്ചക്കാട്ടില്‍ ഉരുള്‍പൊട്ടി താഴ്വാരം മുഴുവന്‍ ഒലിച്ചുപോയി. മണ്ണും പാറക്കൂട്ടവും ഒലിച്ചെത്തി ഒരു ഗ്രാമം തന്നെ അന്ന് ഇല്ലാതായിരുന്നു. ഓടിരക്ഷപെടാന്‍ പോലും കഴിയാതിരുന്ന മനുഷ്യരും അവരുടെ വീടുകളും വളര്‍ത്തുമൃഗങ്ങളും എല്ലാം മണ്ണിനടിയിലായി. അഞ്ച് പേരുടെ മൃതദേഹം ഇന്നും കണ്ടെത്താനായിട്ടില്ല. എസ്റ്റേറ്റ് ജീവനക്കാരും വളരെ സാധാരണക്കാരുമായിരുന്നു അന്ന് അപകടത്തില്‍ പെട്ടത്. 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും മലവെള്ളം തൂത്തെറിഞ്ഞു. ആരാധനാലയങ്ങള്‍, പാടികള്‍, ക്വാര്‍ടേടവ്‌സ്, കാന്റീന്‍, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം ഉരുള്‍കൊണ്ടുപോയി.
ആ ഉരുള്‍പൊട്ടല്‍ ഉണ്ടായി രണ്ട് മണിക്കൂര്‍ കഴിയുന്നതിന് മുമ്പാണ് കവളപ്പാറയില്‍ മലയിടിയുന്നത്. വീടുകളും കൃഷിസ്ഥലങ്ങളും ഇല്ലാതാക്കിക്കൊണ്ട് അതിശക്തമായി വന്ന മലവെള്ളത്തില്‍ കവളപ്പാറയില്‍ ഇല്ലാതായത് 59 ജീവനുകള്‍. അതില്‍ 11 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ആ വര്‍ഷം ഉണ്ടായ ഏറ്റവും വ്യാപ്തിയുള്ള ഉരുള്‍പൊട്ടല്‍ കവളപ്പാറയിലേതായിരുന്നു. ഒരുപക്ഷേ കേരളം കണ്ടതിലും വച്ച് ഏറ്റവും പ്രഹരശേഷിയുള്ളതും അത് തന്നെയായിരുന്നു. നഷ്ടപ്പെട്ടതൊന്നും, കൃഷിയിടങ്ങള്‍ പോലും ഇന്നും കവളപ്പാറക്കാര്‍ക്ക് തിരിച്ചെടുക്കാനായിട്ടില്ല. ആദിവാസി കുടുംബങ്ങളായിരുന്നു അന്ന് അപകടത്തില്‍ പെട്ടവര്‍ ഏറെയും. പുത്തുമലയും കവളപ്പാറയും താമസയോഗ്യമല്ല എന്ന് ജിയോളജി ഡിപ്പാര്‍ട്‌മെന്റ് തീര്‍ത്തു പറഞ്ഞു.
2020ല്‍ വീണ്ടും ദുരന്തം ആവര്‍ത്തിച്ചു. ഓഗസ്റ്റ് ആറിന് ഇടുക്കി മൂന്നാര്‍ പെട്ടിമുടിയിലെ പാടികളിലേക്ക് മല പൊട്ടിയൊലിച്ചത് രാത്രിയിലായിരുന്നു. എല്ലാവരും ഉറക്കമായിരുന്ന സമയത്ത് സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി പുറംലോകം അറിയാന്‍ പിന്നെയും വളരെ വൈകി. പുലര്‍ച്ചയോടെ രക്ഷാദൗത്യ സംഘം എത്തുമ്പോഴേക്കും പലരുടേയും ജീവനുകള്‍ ഇല്ലാതായിരുന്നു. 66 ആളുകളാണ് അന്ന് ദുരന്തത്തില്‍ മരിച്ചത്. മരിച്ചതത്രയും സാധാരണ എസ്റ്റേറ്റ് തൊഴിലാളികളും അവരുടെ ബന്ധുക്കളും. നാല് പേരുടെ മൃതദേഹങ്ങള്‍ ഇനിയും കിട്ടിയിട്ടില്ല.
തുടര്‍ച്ചയാവുന്ന ദുരന്തങ്ങളുടെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ചൂരല്‍മല. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഉരുള്‍ പൊട്ടല്‍. ഓരോ നിമിഷവും ഉയരുന്ന മരണസംഖ്യ, കണക്കില്ലാത്ത നാശനഷ്ടങ്ങള്‍, ചൂരല്‍മലയില്‍ നിന്നുള്ള വിവരങ്ങള്‍ നിലയ്ക്കുന്നില്ല. രാത്രിയില്‍ ഉറക്കത്തില്‍ ചെളിയും കല്ലും വന്നടിഞ്ഞപ്പോഴാണ് ഉരുള്‍പൊട്ടിയത് ചൂരമലക്കാര്‍ അറിയുന്നത്. രണ്ടാം തവണയും ഉരുള്‍പൊട്ടിയപ്പോള്‍ ചൂരല്‍മലയും മുണ്ടക്കൈയും പൂര്‍ണമായും കീഴ്‌പ്പെട്ടു. മരണസംഖ്യ ഇനിയും ഏറുമെന്ന് അധികൃതര്‍ പറയുന്നു.