ബജറ്റില്‍ പെട്രോളിനും ഡീസലിനും ചുമത്തിയ സെസ് കുറയ്ക്കില്ല. ഒരു നികുതിയും കുറയ്ക്കുകയോ പിൻവലിക്കുകയോ ചെയ്യാതെയായിരുന്നു ധനമന്ത്രിയുടെ ബജറ്റിന്മേലുളള മറുപടി പ്രസംഗം. നികുതി ഏര്‍പ്പെടുത്താതെ മുന്നോട്ടു പോകാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പ്രസംഗം കഴിഞ്ഞയുടനെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
നികുതി ഏര്‍പ്പെടുത്താതെ മുന്നോട്ടു പോകാനാകില്ലെന്ന് ധനമന്ത്രി
ജി എസ് ടി വരുമാനം 25% വർധിച്ചു. വാറ്റ് 20 ശതമാനത്തിലേറെയുണ്ടായി. പൊതു കടം കുറഞ്ഞു. ആകെ കടം 1.45% കുറഞ്ഞു. കേരളം കട്ടപ്പുറത്തല്ലെന്ന് ധനമന്ത്രി പറഞ്ഞു. എറണാകുളം നഗരത്തിലെ ബ്രേക്ക് ത്രൂവിന് 10 കോടി അനുവദിച്ചു. പട്ടയ മിഷന് 2 കോടി. ഭിന്നകുട്ടികളുടെ സമ്മോഹനം പദ്ധതിക്ക് 20 ലക്ഷം. അരൂർ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അഞ്ചു കോടി വകയിരുത്തി. ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കണ്ണൂർ എയർപോർട്ടിന് ഒരു കോടി രൂപയും അനുവദിച്ചു. സ്കൂൾകായിക മേഖലയ്ക്ക് മൂന്ന് കോടിയും ഭൂചലനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന തുർക്കി, സിറിയ രാജ്യങ്ങളുടെ ദുരിതാശ്വാസത്തിന് 10 കോടിയും വകയിരുത്തിയിട്ടുണ്ട്.
ഭൂചലനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന തുർക്കി, സിറിയ രാജ്യങ്ങളുടെ ദുരിതാശ്വാസത്തിന് 10 കോടി വകയിരുത്തി
ക്ലിഫ് ഹൗസിലെ പശുത്തൊഴുത്തിന് 42 ലക്ഷം ചെലവഴിച്ചിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു. ചുറ്റുമതിലിനും മറ്റ് പ്രവർത്തനങ്ങൾക്കും കൂടിയാണ് ആ തുക ചെലവായത്. രാജ്യത്താകെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്ന് പറഞ്ഞായിരുന്നു ധനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. നികുതി വർധനവിനെതിരായ പ്രതിപക്ഷ സമരത്തെ പരിഹസിക്കുകയും ചെയ്തു.
'പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും രാഷ്ട്രീയത്തിന്റെ അതിപ്രസരം ഉണ്ടാകുമെന്ന് കരുതിയില്ല. പരിമിതമായ രാഷ്ട്രീയം പറയുന്നതാകരുത് കേരളത്തിലെ പ്രതിപക്ഷം. രൂക്ഷമായ അവസ്ഥ കാണാതെ ബജിനെ വിലയിരുത്തുന്നത് ശരിയല്ല. എന്ത് സംഭവിച്ചാലും ഞങ്ങൾ ഇവിടുത്തെ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മാത്രം പറയുന്ന പരിമിത അളവിലേക്ക് ഒതുങ്ങേണ്ടവരാണോ പ്രതിപക്ഷം. ചില ഒറ്റപ്പെട്ട കാര്യങ്ങൾ മാത്രം നോക്കി സർക്കാരിനെ വിലയിരുത്തരുത്'. ധനമന്ത്രി പറഞ്ഞു.
എല്ലാം കേന്ദ്രം വെട്ടിക്കുറച്ചു. കേന്ദ്രം രണ്ടര ലക്ഷം കോടി രൂപ കോർപ്പറേറ്റ് ടാക്സ് കുറച്ചുകൊടുത്തു. മറുഭാഗത്ത് ജനങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു.
ധനമന്ത്രി
'എല്ലാം കേന്ദ്രം വെട്ടിക്കുറച്ചു. കേന്ദ്രം രണ്ടര ലക്ഷം കോടി രൂപ കോർപ്പറേറ്റ് ടാക്സ് കുറച്ചുകൊടുത്തു. മറുഭാഗത്ത് ജനങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു. ഈ സർക്കാരിന് ലക്ഷ്യബോധമുണ്ട്. അത് കൃത്യമായി ബജറ്റിൽ കാണാം. സംസ്ഥാന ബജറ്റിനെ കേന്ദ്ര ബജറ്റിനൊപ്പം ഉപമിച്ച അംഗങ്ങൾ പ്രതിപക്ഷത്തുണ്ട്. കേന്ദ്ര ബജറ്റിൽ കോർപറേറ്റുകൾക്കാണ് നികുതിയിളവ് ഉണ്ടായത്. അവർ സാധാരണക്കാരുടെ ആനുകൂല്യങ്ങൾ എല്ലാം വെട്ടിക്കുറച്ചു. അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ പ്രതികരണം നൽകി. എന്നാൽ, സംസ്ഥാനത്തെ കോൺഗ്രസുകാർ കണ്ടതായി നടിച്ചില്ല'. മന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര ബജറ്റിനെതിരെ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. സംസ്ഥാനത്തെ കോൺഗ്രസുകാർ കണ്ടതായി നടിച്ചില്ല.
ധനമന്ത്രി
പൊതുസ്ഥാപനങ്ങൾ വിൽക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. കേന്ദ്രം ഇറച്ചിവിലയ്ക്ക് വിറ്റ സ്ഥാപനങ്ങൾ വില കൊടുത്ത് വാങ്ങുന്നതാണ് കേരളത്തിന്റെ രാഷ്ട്രീയമെന്നും മന്ത്രി പറഞ്ഞു.