നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടത്തിയ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി പറയും. കേസിലെ എട്ടാം പ്രതിയായ ദിലീപും സുഹൃത്ത് ശരത്തും നല്‍കിയ ഹര്‍ജിയില്‍ എറണാകുളം സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് ഉച്ച കഴിഞ്ഞ് രണ്ടരയോടെ വിധി പറയുക.
ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ അന്വേഷണത്തില്‍ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ദിലീപിന്റെയും ശരത്തിന്റെയും വാദം. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളി വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണം. ബാലചന്ദ്രകുമാര്‍ നല്‍കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണ്. ഫോണ്‍ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്തതാണന്നുമാണ് പ്രതികളുടെ ആരോപണം.
തുടരന്വേഷണത്തില്‍ ദിലീപിനെതിരെ ഒരു കുറ്റംകൂടി ചുമത്തിയിരുന്നു. ഹൈക്കോടതി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ഫോണിലെ വിവരങ്ങള്‍ നീക്കിയതാണ് കുറ്റം
കേസിലെ ആദ്യ കുറ്റപത്രത്തില്‍ ദിലീപിനെതിരെ ബലാത്സംഗം ഉള്‍പ്പെടെ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പിന്നീട് നടത്തിയ തുടരന്വേഷണത്തില്‍ ദിലീപിനെതിരെ ഒരു കുറ്റംകൂടി ചുമത്തിയിരുന്നു. ഹൈക്കോടതി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ഫോണിലെ വിവരങ്ങള്‍ നീക്കിയതാണ് കുറ്റം. മുംബൈയിലെ ലാബിലും സ്വകാര്യ ഹാക്കറെയും ഉപയോഗിച്ച് ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ശരത്തിന് ലഭിച്ചിരുന്നെന്നും അത് ഒളിപ്പിക്കുകയായിരുന്നു എന്നുമാണ് കണ്ടെത്തല്‍. തെളിവുകള്‍ മറച്ചുവെച്ചെന്ന കുറ്റമാണ് ശരത്തിനെതിരെ തുടരന്വേഷണത്തില്‍ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണത്തില്‍ കൂടുതലായി പ്രതി ചേര്‍ത്ത് ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്.
112 സാക്ഷി മൊഴികളും 300ലേറെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയത്
നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ഐ പാഡില്‍ ആക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാന്‍ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. 112 സാക്ഷി മൊഴികളും 300ലേറെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. കേസിലെ ഉത്തരവിന് പിന്നാലെ വിചാരണ പുനരാരംഭിക്കുന്നതില്‍ ഇന്ന് തീരുമാനമാകും. വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.