ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയും; സംസ്ഥാന സര്‍ക്കാരിനെതിരെ ജി സുധാകരന്‍
സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍. ആരോഗ്യം, ടൂറിസം വകുപ്പുകൾക്കെതിരെയാണ് വിമർശനം. ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയുമാണെന്നും മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ജനം നേരിടുന്ന ബുദ്ധിമുട്ടുകളുടെ മൂലകാരണം അഴിമതിയാണെന്നും സുധാകരന്‍ ആലപ്പുഴയില്‍ തുറന്നടിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനം എവിടെയും എത്തിയില്ല. ഡോക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴ സൗഹൃദ വേദി സംഘടിപ്പിച്ച സെമിനാറിലാണ് സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചത്.
ഓണത്തിനും വിഷുവിനും സാധനം വില കുറച്ച് കൊടുക്കുന്നതല്ല ആസൂത്രണം. ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ പരിഷ്‌കാരങ്ങൾ വേണം. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തോടുകളുമാണ് ഇപ്പോഴും ഉള്ളതെന്നും അതിനൊന്നും പരിഹാരമാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ അഴിമതിയുടെ അയ്യരുകളിയാണ്. ആലപ്പുഴയിൽ ലഹരി മരുന്നുപയോഗം വർധിക്കുകയാണ്. സ്ഥാപിത താത്പ്പര്യങ്ങൾക്ക് വേണ്ടി ചെറുപ്പക്കാരെ ഉപയോഗിക്കുന്ന സാഹചര്യമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.