'പറയാനുള്ളത് ആദ്യ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മാത്രം'; രണ്ടാം പിണറായി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ജി സുധാകരന്‍

'പറയാനുള്ളത് ആദ്യ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മാത്രം'; രണ്ടാം പിണറായി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ജി സുധാകരന്‍

സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കോടതിയില്‍ പറയുന്നത് ഭരണഘടനാപ്രശ്‌നമാണെന്നും മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍
Updated on
2 min read

രണ്ടാം പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത് ആദ്യ സര്‍ക്കാരിന്റെ കാലത്തെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന ചുമതല മാത്രമെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ജി സുധാകരന്‍. സാമ്പത്തിക പ്രയാസമുണ്ടെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെയും സുധാകരന്‍ വിമര്‍ശിച്ചു. അമ്പലപ്പുഴ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ആ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നെങ്കില്‍ പാര്‍ട്ടി തന്നെ പുറത്താക്കിയേനെ എന്നും അമ്പലപ്പുഴ മുന്‍ എം എല്‍ എ കൂടിയായ അദ്ദേഹം ദ ഫോര്‍ത്തിനോട് പറഞ്ഞു.

''സാമ്പത്തിക പ്രയാസമുണ്ടെന്നല്ലാതെ പ്രതിസന്ധിയുണ്ടെന്ന് ഇതുവരെ ഒരു ഇടതുപക്ഷ സര്‍ക്കാരുകളും പറഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുന്നത് ഭരണഘടനാപ്രശ്‌നമാണ്. സര്‍ക്കാര്‍ ഏഴര വര്‍ഷം പിന്നിടുമ്പോള്‍ ആദ്യ സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ഇപ്പോഴും എടുത്തുപറയാനുള്ളത്. ഏഴു വര്‍ഷത്തെ ഭരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കാര്യമല്ല. റോഡുകള്‍, വലിയ കെട്ടിടങ്ങള്‍, 500 പാലങ്ങള്‍ എന്നിവയൊക്കെ അന്നുള്ളതാണ്. അന്ന് വലിയ മുന്നേറ്റമുണ്ടായില്ലായെന്ന് പറയാനുള്ളത് ഉന്നതവിദ്യാഭ്യാസ വകുപ്പിന് മാത്രമാണ്,'' ദി അദര്‍ സൈഡ് എന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത് സുധാകരന്‍ പറഞ്ഞു.

അമ്പലപ്പുഴ തിരഞ്ഞെടുപ്പ് വീഴ്ചയിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്ന് പറഞ്ഞ സുധാകരന്‍ അംഗീകരിച്ചിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ഇന്ന് താന്‍ ഉണ്ടാകുമായിരുന്നില്ലെന്നും പറഞ്ഞു. ''അങ്ങനെയുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ എഴുതി വച്ചിരിക്കുന്നത്. ജയിച്ച എംഎല്‍എ പറഞ്ഞതിന്റെ അടിസ്ഥാനത്തിലും റിപ്പോര്‍ട്ട് പ്രകാരവും പാര്‍ട്ടി താക്കീത് ചെയ്തു, അത് ജനമറിയട്ടെ, ഇത്രയുമാണ് ഉണ്ടായത്. റിപ്പോര്‍ട്ട് വന്ന ശേഷം മുഖ്യമന്ത്രി അതില്‍ കാര്യമില്ലെന്ന് പറഞ്ഞു. സുധാകരന്‍ കൂടെയുണ്ടായിരുന്നതുകൊണ്ടാണ് ജയിച്ചത്. സുധാകരന്‍ അനാവശ്യം കാണിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു,'' സുധാകരന്‍ പറഞ്ഞു.

ജയിച്ചു കഴിഞ്ഞ ശേഷമുള്ള പരാതിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും സംശയം പ്രകടിപ്പിച്ചിരുന്നു. ജയിച്ചുകഴിഞ്ഞ ശേഷമുള്ള പരാതിയുടെ ആവശ്യമുണ്ടായിരുന്നോ എന്നവര്‍ ചിന്തിച്ചതുകൊണ്ടാകാം താക്കീതിലൊതുങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''സ്വന്തം പാര്‍ട്ടിയെക്കുറിച്ച് പാര്‍ട്ടി രേഖയിലില്ലാത്തതൊന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസിലും പ്ലീനത്തിലും സമ്മേളനങ്ങളിലും നടത്തുന്ന പരസ്യ വിമര്‍ശനങ്ങളുണ്ട്. ചില ദോഷങ്ങള്‍ മാറ്റാന്‍ വേണ്ടി അത് പറയാം. വ്യക്തികളെ പറ്റിയില്ല. അത് മനസിലാക്കാന്‍ പറ്റില്ലെങ്കില്‍ ഒരു തെറ്റും തിരുത്താന്‍ പറ്റില്ല എന്നാണ്. കള്ളത്തരം കാണിച്ച് പുറത്തുവന്നാലത് പറയുന്നത് പാര്‍ട്ടി വിരുദ്ധമാണെന്നാണോ പറയേണ്ടത്? പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞാലാ പ്രശ്‌നം തീരും. അയാളത് കാണിച്ചെന്ന് മറ്റൊരു സഖാവ് പറഞ്ഞാലുടനെ പാര്‍ട്ടിയെ വഞ്ചിച്ചെന്നാകും. വ്യക്തി തെറ്റുചെയ്താല്‍ പരസ്യമായി പറയണം. രഹസ്യമാക്കി വച്ചാല്‍ തെറ്റ് ആവര്‍ത്തിക്കും. രഹസ്യമായി മോഷ്ടിക്കാന്‍ പറ്റുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്ന സന്ദേശമാണ് അത് നല്‍കുക.

'പറയാനുള്ളത് ആദ്യ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മാത്രം'; രണ്ടാം പിണറായി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ജി സുധാകരന്‍
ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ല; കുട്ടി കരയുന്നതുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണമെന്നും മന്ത്രി

പാര്‍ട്ടിയിലുള്ള ചിലര്‍ അനീതി കാണിച്ചിട്ടുണ്ട്. അതൊക്കെയൊരു പ്രസ്ഥാനത്തിലുണ്ടാകും. കാണിക്കാന്‍ പാടില്ലാത്ത അടിസ്ഥാനപരമല്ലാത്ത കാര്യങ്ങള്‍ ചിലര്‍ ചെയ്തിട്ടുണ്ട്. ഒരു കാലത്തും താന്‍ പാര്‍ട്ടി നേതൃത്വത്തെ എതിര്‍ത്തിട്ടില്ല,'' സുധാകരന്‍ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയെയും പ്രവര്‍ത്തനരീതിയെയും പ്രശംസിച്ചുകൊണ്ടാണ് സുധാകരന്‍ സംസാരിച്ചത്. ഉറച്ച നിലപാടും സിപിഎം സംഘടനാ തത്വങ്ങളിലെ വിട്ടുവീഴ്ച ഇല്ലായ്മയുമാണ് പിണറായി വിജയന്റെ ഏറ്റവും പോസിറ്റീവ് ആയ സ്വഭാവ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയേതര ജീവിതം ആസ്പദമാക്കി ദ ഫോര്‍ത്ത് തയാറാക്കുന്ന പ്രത്യേക പരിപാടിയാണ് ദ അദര്‍ സൈഡ്

logo
The Fourth
www.thefourthnews.in