ഗണേഷും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങ് വൈകിട്ട് രാജ്ഭവനിൽ
എൽ ഡി എഫിന്റെ ധാരണപ്രകാരമുള്ള മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ്‌കുമാറും കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേൽക്കും. രാജ്ഭവനിൽ വൈകിട്ട് നാല് മണിക്കാണ് ചടങ്ങ് നടക്കുക. ഇതിൽ പങ്കെടുക്കാനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രാത്രി തലസ്ഥാനത്തെത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷമായിരിക്കും ഇരുവരുടെയും വകുപ്പുകൾ തീരുമാനിക്കുക.
ഒരു എം എൽ എ മാത്രമുള്ള ഘടക കക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിപദമെന്നായിരുന്നു ഭരണമുന്നണിയുടെ തീരുമാനം. അതിന്റെ ഭാഗമായാണ് രണ്ടരവർഷം പൂർത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും നവകേരളാ സദസ് കഴിഞ്ഞതിന് പിന്നാലെ രാജി സമർപ്പിച്ചത്. ആന്റണി രാജുവിന്റെ ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും ഐ എൻ എൽ നേതാവ് രാജിവച്ചൊഴിഞ്ഞ തുറമുഖവകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വകുപ്പുകൾ തീരുമാനിക്കുന്നത് മുഖ്യമന്ത്രി ആയിരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. നവകേരള സദസ് നടന്നതുകൊണ്ടാണ് അധികാരകൈമാറ്റം വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗവർണറും സർക്കാരും തമ്മിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സത്യപ്രതിജ്ഞ നടക്കുന്നത്. കഴിഞ്ഞ ദിവസവും അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് രാജ് ഭവന്റെ പരിസരപ്രദേശങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
മൂന്നാം തവണയാണ് ഗണേഷ് കുമാർ മന്ത്രിയാകുന്നത്. തനിക്ക് ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകൾ വെട്ടിക്കുറയ്ക്കാൻ തയാറാണെന്നും ഗണേഷ് അടുത്തിടെ പറഞ്ഞിരുന്നു. ഒപ്പം നിയുക്ത മന്ത്രിക്ക് സിനിമാ വകുപ്പ് നൽകണമെന്ന ആവശ്യവും കോൺഗ്രസ് ബി മുന്നോട്ടുവച്ചിട്ടുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയുടെ ഭാഗമായിരുന്നു കടന്നപ്പള്ളി രാമചന്ദ്രൻ, തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകളായിരുന്നു മുൻപ് കൈകാര്യം ചെയ്തിരുന്നത്.
അതേസമയം ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചയാളാണ് ഗണേഷ് കുമാറെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു.