പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിറ്റത് മാലിന്യം, 20 മാസം കൊണ്ട് ലാഭം അഞ്ച് കോടി !

മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിനും വിൽക്കുന്നതിനുമായി സർക്കാർ ചുമതലപ്പെടുത്തിയ സ്ഥാപനമായ ക്ലീൻ കേരള ലിമിറ്റഡാണ് 20 മാസം കൊണ്ട് അഞ്ച് കോടി ലാഭമുണ്ടാക്കിയത്
Updated on
2 min read

മാലിന്യം വിറ്റ് ലാഭമുണ്ടാക്കുന്നത് അത്ര എളുപ്പമല്ല. പലരും മാലിന്യം ശേഖരിച്ച് വിൽക്കുന്നത് ബിസിനസ് തന്ത്രമായി കാണുന്നുണ്ടെങ്കിലും ചുരുക്കം ചിലർ മാത്രമാണ് വിജയിക്കുന്നത്. ഇത്തരത്തിൽ മാലിന്യം വിറ്റ് വൻ ലാഭം നേടിയിരിക്കുകയാണ് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്. മാലിന്യങ്ങൾ ശേഖരിച്ച് അവ ഉണക്കി, സംസ്കരിക്കുന്നതിനും വിൽക്കുന്നതിനുമായി സർക്കാർ ചുമതലപ്പെടുത്തിയ സ്ഥാപനമാണ് ക്ലീൻ കേരള ലിമിറ്റഡ്. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സംരംഭമായ ഈ സ്ഥാപനം 2021 ജനുവരിയിലാണ് പ്രവർത്തനം ആരംഭിച്ചത്. വെറും ഇരുപത് മാസത്തിനുള്ളിൽ അഞ്ച് കോടി രൂപയാണ് ലാഭമുണ്ടാക്കിയത്.

2012-13 സാമ്പത്തിക വർഷത്തിൽ 10 കോടി രൂപയുടെ അംഗീകൃത ഓഹരി മൂലധനമായി കണ്ടാണ് കമ്പനി രൂപീകരിച്ചത്

2021 ജനുവരി മുതൽ 2022 ഓഗസ്റ്റ് വരെ സംസ്ഥാനത്തുടനീളം ഹരിത കർമ്മ സേന (എച്ച്കെഎസ്) വോളന്റിയർമാർ വഴി 7,382 ടൺ മാലിന്യമാണ് ശേഖരിച്ചത്. ഇക്കാലയളവിൽ പുനരുപയോഗിക്കാനാവാത്ത 49,672 ടൺ നിർജ്ജീവ വസ്തുക്കളും കമ്പനി ശേഖരിച്ചു. പ്ലാസ്റ്റിക്, ഗ്ലാസ്, ഇ-വേസ്റ്റ് തുടങ്ങി ഉണങ്ങിയതും പുനരുപയോഗിക്കാവുന്നതുമായ മാലിന്യങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കമ്പനികൾക്ക് വില്പ്പന നടത്തിയാണ് അഞ്ച് കോടി രൂപയുടെ ലാഭമുണ്ടാക്കിയതെന്ന് എംഡി സുരേഷ് കുമാർ പറഞ്ഞു. 20 മാസത്തിനുള്ളിൽ, മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സികെസിഎൽ ഹരിത കർമ്മ സേനയ്ക്ക് 4.5 കോടി രൂപ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

2012-13 സാമ്പത്തിക വർഷത്തിൽ 10 കോടി രൂപയുടെ അംഗീകൃത ഓഹരി മൂലധനമായി കണ്ടാണ് കമ്പനി രൂപീകരിച്ചതെങ്കിലും, പ്രവർത്തനം ആരംഭിക്കാൻ കാലതാമസം ഉണ്ടായി. ഈ കാലയളവിൽ, കമ്പനി പ്രവർത്തനങ്ങൾക്കായുള്ള പദ്ധതികൾ നന്നായി രൂപീകരിക്കാൻ കഴിഞ്ഞുവെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

സംസ്കരിച്ച് വിറ്റതിൽ നിന്നും 2,872 ടൺ ഷ്രെഡ്ഡ്, പോളിമറൈസ്ഡ് പ്ലാസ്റ്റിക് എന്നിവ രാജ്യത്തുടനീളം 5,142.92 കിലോമീറ്റർ റോഡുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ട്

സ്ഥാപനത്തിന്റെ ഓഹരിയിൽ, സംസ്ഥാന സർക്കാരിന് 26 ശതമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബാക്കി 74 ശതമാനവും വീതിച്ചുനൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം മാലിന്യ പുനരുപയോഗ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് റീബിൽഡ് കേരള പദ്ധതി പ്രകാരം 53.5 കോടി രൂപ കമ്പനിക്ക് ലഭിച്ചു. 1,972 ടൺ ഇ-മാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗ, സംസ്കരണ യൂണിറ്റുകൾക്ക് വിറ്റു. ഏകദേശം 583.05 ടൺ ഗ്ലാസ് മാലിന്യങ്ങളും 42 ടൺ മാലിന്യ തുണികളും ശേഖരിച്ച് സംസ്കരിച്ചു. കൂടാതെ, സംസ്കരിച്ച് വിറ്റതിൽ നിന്നും 2,872 ടൺ ഷ്രെഡ്ഡ്, പോളിമറൈസ്ഡ് പ്ലാസ്റ്റിക് എന്നിവ രാജ്യത്തുടനീളം 5,142.92 കിലോമീറ്റർ റോഡുകൾ നിർമ്മിക്കാൻ ഉപയോഗിച്ചതായും അധികൃതർ വ്യക്തമാക്കി.

ജില്ലാതലത്തിൽ മാലിന്യങ്ങള്‍ തരംതിരിക്കാനുള്ള സൗകര്യം, സംസ്കരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ, സർക്കാർ ഓഫീസ് സമുച്ചയങ്ങളിൽ മെറ്റീരിയൽ ശേഖരണ സൗകര്യങ്ങൾ, ഗ്ലാസ് വേസ്റ്റ് സോർട്ടിംഗ് യൂണിറ്റുകൾ എന്നിവ സ്ഥാപിക്കുകയാണ് തുടർന്നുള്ള ലക്ഷ്യമെന്നും കമ്പനി അറിയിച്ചു. ഇതിനായി പതിനാലു ജില്ലകളിലും ആവശ്യമായ സ്ഥലം കണ്ടെത്തി വരുകയാണ്. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇന്റഗ്രേറ്റഡ് റീസൈക്ലിങ് യൂണിറ്റിന്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. തൃശൂരിലെ പ്ലാന്റ് നിർമാണം പൂർത്തിയായി, രണ്ട് മാസത്തിനുള്ളിൽ ഉദ്‌ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുബന്ധ വൃത്തങ്ങൾ അറിയിച്ചു.

logo
The Fourth
www.thefourthnews.in