'സ്ഥാനത്യാഗം വ്യക്തിപരമായ തീരുമാനം, ഇനിയുള്ള കാലം വിശ്രമത്തിന് ഉള്ളതല്ല'; മനസുതുറന്ന് ഗീവർഗീസ് മാർ കൂറിലോസ്

'സ്ഥാനത്യാഗം വ്യക്തിപരമായ തീരുമാനം, ഇനിയുള്ള കാലം വിശ്രമത്തിന് ഉള്ളതല്ല'; മനസുതുറന്ന് ഗീവർഗീസ് മാർ കൂറിലോസ്

ഈ മാസം 28-ന് ഗീവർഗീസ് മർ കൂറിലോസ് പദവി ഒഴിയും. മല്ലപ്പള്ളി ആനിക്കാട് ദയറയിൽ സന്യാസ ജീവിതം തുടരും.
Updated on
2 min read

യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ പദവിയിൽനിന്ന് വിരമിക്കുകയാണ്. ഔദ്യോഗിക പദവിയിൽ 17 വർഷം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. യാക്കോബായ സഭാ ചരിത്രത്തിൽ സ്വമേധയാ പടിയിറങ്ങുന്ന ആദ്യ മെത്രാപ്പോലീത്താ എന്ന സവിശേഷതയും ഈ സ്ഥാനമൊഴിയലിനുണ്ട്. വിരമിക്കാൻ സന്നദ്ധത അറിയിച്ചു പാത്രിയർക്കീസ് ബാവക്ക് നല്‍കിയ കത്തിന് അംഗീകരം ലഭിച്ചു.

സംഭവബഹുലമായ ഒരു കാലഘട്ടത്തിലായിരുന്നു ഗീവർഗീസ് മാർ കൂറിലോസ് സഭയെ നയിച്ചത്. ഇക്കാലയളവിലെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ മുഖം നോക്കാതെ നിലപാട് പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഓർത്തഡോക്സ് യാക്കോബായ സഭ തർക്കത്തിലും സമചിത്തതയോടെ ഇടപെട്ടു അദ്ദേഹം. ഈ മാസം 28-ന് ഗീവർഗീസ് മർ കൂറിലോസ് പദവി ഒഴിയും. മല്ലപ്പള്ളി ആനിക്കാട് ദയറയിൽ സന്യാസ ജീവിതം തുടരും.

Q

സ്ഥാനത്യാഗം വ്യക്തിപരമായ തീരുമാനം ആണോ?

A

അതെ, തികച്ചും വ്യക്തിപരം. സാമൂഹ്യ രംഗത്തും പൊതു രംഗത്തും കൂടുതൽ സജീവമാകും.

Q

സാമൂഹ്യ വിമർശനങ്ങളും മറ്റും ആർജവത്തോടെ പറഞ്ഞിരുന്നു. നിലപാടുകളില്‍ ശക്തി ഇനി കൂടുമോ?

A

നിലപാടുകളും പ്രതികരണങ്ങളും നമ്മൾ ശക്തി കൂട്ടുന്നതോ കുറയ്ക്കുന്നതോ അല്ലല്ലോ, ഓരോ വിഷയങ്ങൾ വരുമ്പോൾ അല്ലേ പ്രതികരിക്കുന്നത്, അത് തുടരും.

'സ്ഥാനത്യാഗം വ്യക്തിപരമായ തീരുമാനം, ഇനിയുള്ള കാലം വിശ്രമത്തിന് ഉള്ളതല്ല'; മനസുതുറന്ന് ഗീവർഗീസ് മാർ കൂറിലോസ്
'പലസ്തീനികൾ പരീക്ഷണ വസ്തുക്കൾ, ഗാസ ആയുധ പ്രദർശന വേദി'; ആയുധക്കച്ചവടത്തിലെ ഇസ്രയേലിന്റെ മനുഷ്യത്വ വിരുദ്ധ ഫോർമുല
Q

വിശ്രമ ജീവിതം തിരഞ്ഞെടുക്കാനുള്ള പ്രായം ആയിട്ടില്ലല്ലോ?

A

യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനത്തിന്റെ ചുമതലയിൽ 17 വർഷം പിന്നിട്ടു. ഇനിയുള്ള കാലവും വിശ്രമത്തിന് ഉള്ളതല്ല, ആധ്യാത്മികതയിലും പുസ്തക വായനയിലും രചനയിലും തുടരും. സാമൂഹ്യ രംഗത്ത് കൂടുതൽ ഇടപെടാൻ സാധിക്കും.

Q

വിരമിക്കൽ പ്രഖ്യാപനതിന് സഭ തർക്കം കാരണം ആണോ?

A

ഇരു സഭകളും തമ്മിലുള്ള തർക്കം മാനസിക പിരിമറുക്കം ഉണ്ടാക്കിയിരുന്നു. എന്നാൽ വിരമിക്കൽ പ്രഖ്യാപനവുമായി ഇതിന് ബന്ധമില്ല.

Q

അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തിൽ സഭ വിശ്വാസികൾ എങ്ങനെ പ്രതികരിച്ചു?

A

പലരും വിളിച്ച് സങ്കടവും ആശംസകളും അറിയിക്കുന്നുണ്ട്, എൻ്റെ തീരുമാനം അവർക്ക് മനസ്സിലാകും

ആരാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഹൃദയ രക്തത്തിന്റെ വര്‍ണത്തിലുള്ള കുപ്പായത്തിനുള്ളില്‍ സഹൃദയത്വം സൂക്ഷിച്ച് കേരളീയ സമൂഹത്തോട് നിരന്തരം സംവദിക്കുകയും കാലുഷ്യങ്ങളോട് കലഹിക്കുവാനും പൗരോഹിത്യം തടസമല്ല എന്ന് തെളിയിച്ച ഒരാള്‍. ഇടതുപക്ഷ രാഷ്ട്രീയത്തോട് സഹവര്‍ത്തിത്വം ഉള്ളപ്പോഴും ജനകീയ വിഷയങ്ങളില്‍ മുഖം നോക്കാതെ പ്രതികരിക്കുന്ന ഒരാള്‍.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ശ്രദ്ധേയ പരാമര്‍ശങ്ങള്‍

തിരുമേനി എന്ന് എന്നെ അഭിസംബോധന ചെയ്യരുത്. പിതാവ് എന്നോ സുഹൃത്ത് എന്നോ വിളിക്കാം. തിരുമേനി എന്ന വിശേഷണം സവര്‍ണ ചിന്താഗതിയുടെ ഭാഗമാണ്. സവര്‍ണ മേധാവിത്വം ഊട്ടി ഉറപ്പിക്കാന്‍ നടത്തുന്ന കുടുംബ യോഗങ്ങളില്‍ ഇനി ഞാന്‍ പങ്കെടുക്കില്ല.

മതമല്ല മാനവികതയും മനുഷ്യത്വവും ആണ് വലുത്, കേരളം വര്‍ഗീയതയുടെയും മത വിദ്വേഷത്തിന്റെയും ഭൂമികയായി മാറുന്നു. എന്ത് വില കൊടുത്തും ഇത് ചെറുക്കണം.

നര്‍കൊട്ടിക്‌സ്, ലൗ ജിഹാദ് വിഷയത്തില്‍ പാല ബിഷപ്പ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണം ഇങ്ങനെ. 'സുവിശേഷം സ്‌നേഹത്തിന്റെ ആണ് വിദ്വേഷത്തിന്റെ അല്ല'.

പലസ്തീനില്‍ വംശ വെറിയുടെ പേരില്‍ ഒരു ജന വിഭാഗത്തെ ഞെരിച്ചമര്‍ത്തുകയാണ്, എത്ര പെട്ടെന്നാണ് നമ്മുടെ വിദേശ നയത്തില്‍ മാറ്റം വന്നത്.

ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ കവി സുഗത കുമാരിക്കൊപ്പം മുന്നണിയില്‍ തന്നെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉണ്ടായിരുന്നു. ചെങ്ങറ ഹാരിസണ്‍ പ്ലാന്റേഷനില്‍ നടക്കുന്ന മിച്ച ഭൂമി സമരം തുടരണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ സമരം അട്ടിമറിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ബോധപൂര്‍വം ശ്രമിച്ചു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ് എന്ന് സിപിഎം ആരോപിച്ചപ്പോള്‍ അത് തള്ളിക്കളയുന്നതാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ നിലപാട്.

logo
The Fourth
www.thefourthnews.in