തലസ്ഥാനത്തെ 'സ്വര്‍ണം പൊട്ടിക്കല്‍'; രണ്ടുപേര്‍ അറസ്റ്റില്‍

തലസ്ഥാനത്തെ 'സ്വര്‍ണം പൊട്ടിക്കല്‍'; രണ്ടുപേര്‍ അറസ്റ്റില്‍

സുഹൃത്തിനായി കൊണ്ടുവന്ന സ്വര്‍ണമാല സംഘം തട്ടിയെടുത്തുവെന്നാണ് ആദ്യം ഷമീം പോലീസിന് മൊഴി നല്‍കിയത്
Updated on
1 min read

തലസ്ഥാനത്തെ 'സ്വര്‍ണം പൊട്ടിക്കല്‍' കേസില്‍ കൊല്ലം സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ ഷാഹിദ് കമാല്‍, സെയ്ദാലി എന്നിവരെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് കൊല്ലം സ്വദേശി മുഹമ്മദ് ഷമീം വിദേശത്തു നിന്ന് കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണം ചാക്കയില്‍ നിന്ന് തട്ടിയെടുത്ത സംഭവം.

സുഹൃത്തിനായി കൊണ്ടുവന്ന സ്വര്‍ണമാല സംഘം തട്ടിയെടുത്തുവെന്നാണ് ആദ്യം ഷമീം പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ കൊടുവള്ളി സ്വദേശികള്‍ക്ക് വേണ്ടി ഒരു കിലോ സ്വര്‍ണമാണ് ഷമീം കൊണ്ടുവന്നതെന്ന് വ്യക്തമായി. കൊല്ലം സ്വദേശികളായ ഷാഹിദ് കമാലിനും സെയ്ദാലിക്കും ഈ സ്വര്‍ണം കൈമാറുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

സ്വര്‍ണം കൈമാറിയ സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാന്‍ കൊടുവള്ളി സ്വദേശിയുടെ സംഘം ഷമീമിനൊപ്പം ചാക്കയിലെ പെട്രോള്‍ പമ്പിലെത്തുകയും അവിടെവെച്ച് തര്‍ക്കമാകുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പോലീസ് ഈ സംഭവത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.

വിദേശത്തു നിന്ന് കൊണ്ടുവരുന്ന സ്വര്‍ണം മറ്റൊരു സംഘം തട്ടിയെടുക്കുന്ന രീതിയെയാണ് സ്വര്‍ണം പൊട്ടിക്കല്‍ എന്നു പറയുന്നത്. നേരത്തെ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലും സമാനമായ തരത്തില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in