കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്; എമർജൻസി ലൈറ്റിനുള്ളിൽ നിന്ന് പിടികൂടിയത് അരക്കോടിയുടെ സ്വർണം
ഞായറാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളം വഴി എമർജൻസി ലൈറ്റിനുള്ളിൽവച്ച് ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. റിയാദിൽ നിന്നും ബഹ്‌റൈൻ വഴി ഗൾഫ് എയർ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപ്പള്ളി സ്വദേശിയായ ജബ്ബാർ അബ്ദുൽ റമീസിൽ നിന്നാണ് സ്വർണം പിടികൂടിയത്.
റമീസ് കൊണ്ടുവന്ന ബാഗേജ് എക്സ്റേ പരിശോധനയിൽ സംശയകരമായി കണ്ടതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. ഇതോടെയാണ് ബാഗിലെ എമർജൻസി ലൈറ്റിന് സംശയകരമായി തോന്നിയത്. ബാഗേജ് പൊട്ടിച്ചു വിശദമായി പരിശോധിച്ചപ്പോഴാണ് ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഇൻസുലേഷൻ ടേപ്പുകൊണ്ടു പൊതിഞ്ഞ സ്വർണക്കട്ടികളടങ്ങിയ മൂന്നു പാക്കറ്റുകൾ ലഭിച്ചത്.
എമർജൻസി ലൈറ്റ് റിയാദിലുള്ള ഒരു വ്യക്തി കൊടുത്തു വിട്ടതാണെന്നാണ് റമീസ് വ്യക്തമാക്കിയത്. സ്വർണം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്നേകാൽ കിലോ സ്വർണവും 15 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടിയത്. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലുമായിട്ടായിരുന്നു സ്വര്‍ണം കടത്താൻ ശ്രമിച്ചത്.