കരിപ്പൂരിൽ 62 ലക്ഷം രൂപയുടെ  സ്വര്‍ണവേട്ട, വിമാനത്താവളത്തിന് പുറത്ത് 
ഈ വർഷം പോലീസ് 
പിടികൂടുന്ന പതിനൊന്നാമത്തെ കേസ്

കരിപ്പൂരിൽ 62 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട, വിമാനത്താവളത്തിന് പുറത്ത് ഈ വർഷം പോലീസ് പിടികൂടുന്ന പതിനൊന്നാമത്തെ കേസ്

ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്ത്
Updated on
1 min read

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസർഗോഡ് സ്വദേശി അറസ്റ്റിൽ. ജിദ്ദയില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ശാനിഫിനെയാണ് പോലീസ് പിടികൂടിയത്. 1077 ഗ്രാം സ്വര്‍ണമാണ് മുഹമ്മദ് ശാനിഫിൽ നിന്നും പിടികൂടിയത്. എയര്‍പോര്‍ട്ടിന് പുറത്ത് വച്ചായിരുന്നു ശാനിഫ് പോലീസ് പിടിയിലായത്.

സ്വര്‍ണം മിശ്രിത രൂപത്തില്‍ 4 കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ കടത്താൻ ശ്രമിച്ചത്. ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് ഇയാൾ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. എയര്‍പോര്‍ട്ടിനകത്തെ പരിശോധനകൾക്ക് ശേഷം പുറത്ത് കടന്ന ശാനിഫിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ എസ് സുജിത് ദാസിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ച ശാനിഫിൻ്റെ ബാഗുകൾ പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. പിന്നീട് നടത്തിയ വിശദമായ വൈദ്യ പരിശോധനയിലാണ് വയറിനകത്ത് 4 കാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്.

പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. കോഴിക്കോട് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന 11-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

logo
The Fourth
www.thefourthnews.in