ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് ഒഴിവാക്കിയതിനെതിരെ ഹര്‍ജി
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ ഹൈക്കോടതിയിൽ. പ്രതികൾക്കെതിരായ മനപ്പൂർവമല്ലാത്ത നരഹത്യാവകുപ്പ് ഒഴിവാക്കിയതിനെതിരെയാണ് ഹര്‍ജി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരെ വാഹനാപകട കേസിൽ മാത്രം വിചാരണ നടത്താനായിരുന്നു കീഴ്ക്കോടതി ഉത്തരവ്. ശ്രീറാമിനെതിരെ 304(2) വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി, 304(a) വകുപ്പ് നിലനിർത്തിയിരുന്നു.
രക്തത്തില്‍ മദ്യത്തിന്‍റെ അളവ് കണ്ടെത്താനായില്ലെന്നും മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയെ സമീപിച്ചിരുന്നത്. കൊലപാതക കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഈ വിടുതല്‍ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.
വഫാ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളില്‍ മോട്ടോർ വാഹന നിയമപ്രകാരമുള്ള വകുപ്പുകൾ മാത്രമേ നിലനില്‍ക്കുവെന്നും പ്രതികളുടെ വിടുതൽ ഹർജിയിൽ കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു. വാഹനമോടിച്ചത് താനല്ലെന്നും ഒപ്പമുണ്ടായിരുന്നെന്ന പേരില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്നും കേസില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു വഫയുടെ ആവശ്യം.
2020 ഫെബ്രുവരി മൂന്നിനാണ് പ്രത്യേക അന്വേഷണസംഘം ശ്രീറാമിനേയും വഫയേയും പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.