ബഫർസോൺ വിഷയം; അനുനയ നീക്കവുമായി സർക്കാർ; വഴങ്ങാതെ ബിഷപ്പ്
സമരം മന്ത്രിക്കോ സർക്കാരിനോ എതിരല്ലെന്നും ബഫർ സോൺ വിഷയം പൂർണമായും അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ. ബഫർ സോൺ വിഷയത്തിൽ അനുനയ നീക്കവുമായി മന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്. കൃത്യമായി ജനങ്ങളുടെ ആവശ്യങ്ങൾ സർക്കാരിലേക്ക് എത്തിക്കാനുള്ള സമരം ആണിത്. ഇതിന് പിന്നിൽ അക്രമമോ രാഷ്ട്രീയ ലക്ഷ്യങ്ങളോ ഇല്ല. മന്ത്രിയെ കണ്ട് ബഫർ സോണിലെ ആശങ്കകൾ പങ്കു വെച്ചിട്ടുണ്ട്. പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാമെന്ന് മന്ത്രി വാക്കു നൽകിയിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു
വ്യക്തികൾക്കോ, കുടുംബങ്ങൾക്കോ കൃഷിയിടങ്ങൾക്കോ പ്രതിസന്ധിയോ അപകടമോ ഉണ്ടാകാത്ത രീതിയിൽ റിപ്പോർട്ടുകൾ കൃത്യമായി യഥാസമയം കൊടുക്കുമെന്ന ഉറപ്പ് മന്ത്രി നൽകിയതായി ബിഷപ്പ് പറഞ്ഞു. ഒരു എക്സ്പെർട്ട് കമ്മിറ്റിയെ കൂടി അധികമായി സർക്കാർ നിയമിച്ചിട്ടുണ്ട്. എത്രത്തോളം സാമൂഹിക സാമ്പത്തിക ആഘാതങ്ങൾ ഉണ്ടാകുമെന്ന് പഠിക്കാനായിട്ടാണ് കമ്മിറ്റിയെ നിയമിച്ചിരിക്കുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. എന്നാൽ, ബഫർ സോൺ വിഷയത്തിൽ സമരം നടന്ന കോട്ടയം എരുമേലി പമ്പാവാലി മേഖലയിലെ സമരക്കാർക്കെതിരെയുള്ള കേസ് പിൻവലിക്കുന്ന കാര്യത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ വനംമന്ത്രി എ കെ ശശീന്ദ്രൻ ഒഴിഞ്ഞു മാറി.
സമരം നിർത്താൻ സർക്കാർ ആരോടും ആവശ്യപ്പെട്ടിട്ടില്ല. സമരം ചെയ്യുമ്പോൾ കേസ് ഉണ്ടാവുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ആളുകൾ സമരം ചെയ്യുന്നതെന്നും മന്ത്രി കേസ് പിന്‍വലിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആശങ്കകൾ പരിഹരിക്കുമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്, പ്രശ്ന പരിഹാരത്തിനായി സർക്കാർ നിയമ പോരാട്ടം തുടരും. എരുമേലിയിലെ ഏയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങൾ വനഭൂമിയിൽ ഉൾപ്പെട്ട വിഷയം പരിഹരിക്കാൻ നീക്കം തുടങ്ങുമെന്നും മന്ത്രി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.