'സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നത്, മറിയക്കുട്ടിക്ക് സല്യൂട്ട്'; ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി
പെൻഷൻ കുടിശിക നൽകിയില്ലെന്നാരോപിച്ച് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയിൽ സര്‍ക്കാര്‍ അഭിഭാഷകനും കോടതിയുമായി വാദപ്രതിവാദം. ഹർജിക്കാരിയെ അപമാനിക്കാനാവില്ലെന്ന് കോടതി. ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന പരാമർശം ഞെട്ടിച്ചെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സര്‍ക്കാര്‍ അഭിഭാഷകന്റെ വാക്കുകള്‍ പിന്‍വലിക്കണമെന്നും കോടതി.
കോടതിയെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും രാഷ്ട്രീയ പ്രേരിതമെന്നത് പിൻവലിക്കാമെന്നും അഭിഭാഷകൻ അറിയിച്ചു. മറിയക്കുട്ടിയുടെ കാര്യത്തിൽ കോടതി നിസഹായനാണെന്നും മറിയക്കുട്ടിക്ക് ആവശ്യമെങ്കില്‍ ജില്ലാ നിയമ സേവന അതോറിറ്റി സാമ്പത്തിക സഹായം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
പെന്‍ഷന്‍ നിയമപരമായ അവകാശമല്ലെന്നും സര്‍ക്കാര്‍ ഫണ്ടിന്റെ ലഭ്യത അനുസരിച്ചാണ് പെന്‍ഷന്‍ നല്‍കുന്നതെന്നും സർക്കാർ നിലപാടെടുത്തു. ജൂലൈ മുതൽ കേന്ദ്രസർക്കാർ വിഹിതം ലഭിച്ചിട്ടില്ല. ഇത് നിർബന്ധിത പെൻഷനല്ല. സർക്കാർ ഉത്തരവിലൂടെ നൽകുന്നതാണ്. നിലവിലെ സാമ്പത്തിക പ്രശ്നം മൂലമാണ് പെൻഷൻ മുടങ്ങിയത്.
എത്രയും വേഗം കുടിശിക തീർക്കാൻ ശ്രമിക്കുന്നുണ്ട്. 750 കോടി രൂപ കേന്ദ്ര വിഹിതമായി മാസം തോറും കിട്ടാനുണ്ടെ്. 45 ലക്ഷം പെൻഷൻ ഗുണഭോക്താക്കളുണ്ട്. കുടിശിക ഒരുമിച്ച് നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല.
കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയാല്‍ ഉടന്‍ വിതരണം ചെയ്യുമെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ ആളുകളെ തിരസ്‌കരിക്കുന്നത് എന്തിനെന്നും ഇതിനോട് യോജിക്കാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. മറിയക്കുട്ടിയുടെ വിശ്വാസ്യത തകര്‍ക്കാനാവില്ല. മറിയക്കുട്ടിക്ക് സല്യൂട്ട് നല്‍കുകയാണ്.
മറിയക്കുട്ടിയുടെ അതിജീവനത്തിന് പ്രാര്‍ത്ഥിക്കാം. വിഷയത്തിൽ കോടതി നിസഹായരാണ്. സർക്കാരിന് പെൻഷൻ നൽകാൻ പണമില്ലെന്നാണ് പറയുന്നത്. മറിയക്കുട്ടിയുടെ ആത്മാഭിമാനം സര്‍ക്കാര്‍ ചോദ്യം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ മുടങ്ങാൻ കാരണമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പണമില്ലാത്തതിനാൽ സർക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങൾ മുടങ്ങുന്നുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു.