തെരുവ് നായ്ക്കള്‍
തെരുവ് നായ്ക്കള്‍

കേരളത്തിലെ വഴിയോരങ്ങൾ തെരുവു നായകൾ കീഴടക്കിയതെങ്ങനെ? ഈ വർഷം കടിയേറ്റത് ഒരു ലക്ഷത്തോളം പേർക്ക്

എബിസി പ്രോഗ്രാം പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് മൃഗസംരക്ഷണ വകുപ്പ്
Updated on
3 min read

സംസ്ഥാനം കഴിഞ്ഞ കുറച്ചുവർഷങ്ങളായി അഭിമുഖീകരിക്കാൻ തുടങ്ങിയ പ്രശ്നമാണ് തെരുവുനായകളുടെത്. ചിലർ പട്ടികളുടെ കടിയേറ്റ് മരിച്ചു. ചിലർക്ക് പേ വിഷ ബാധയേറ്റു. അങ്ങനെ നിരവധി സംഭവങ്ങളാണ് സമീപ വർഷങ്ങളിലുണ്ടായത്. ഈ വർഷം സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ്. ഈ വർഷം മാത്രം സംസ്ഥാനത്ത് നായകളുടെ കടിയേറ്റത് 95000 പേര്‍ക്കാണ്. 14 പേര്‍ പേവിഷ ബാധയെത്തുടര്‍ന്ന് മരിക്കുയും ചെയ്തു. എന്താണ് ഇതിന് കാരണം?

രാജ്യത്ത് ഏറ്റവും കൂടുതൽ തെരുവ് നായ അക്രമം റിപ്പോർട്ട് ചെയ്ത ആദ്യ ആറ് സംസ്ഥാനങ്ങളിൽ കേരളവുമുണ്ടെന്ന് കേന്ദ്ര മന്ത്രി പുരുഷോത്തം രൂപാല ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. കുത്തിവയ്പ്പിലൂടെ പേവിഷബാധയെ പ്രതിരോധിക്കാൻ കഴിയുമെങ്കിലും, വാക്‌സിൻ സ്വീകരിച്ചിട്ടും മരണം സംഭവിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത് സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയും കൃത്യസമയത്തു ചികിത്സ തേടുന്നതിലെ പിഴവുമാണെന്നും ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്ത് എബിസി പ്രോഗ്രാം നടപ്പാക്കുന്നതില്‍ സംഭവിച്ച പിഴവും, കൃത്യമായ മാലിന്യനിര്‍മാര്‍ജ്ജനത്തിലെ അനാസ്ഥയുമാണ് സാഹചര്യം രൂക്ഷമാക്കിയതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ട് കേസുകൾ വർധിക്കുന്നു?

തെരുവ് നായകളിൽ കൃത്യ സമയത്ത് പ്രതിരോധ കുത്തിവയ്പ്പ് നടത്താത്തതാണ് പേവിഷബാധ വർധിക്കുന്നതിന്റെ പ്രധാന കാരണം. അനാവശ്യമായി വലിച്ചെറിയുന്ന ഭക്ഷ്യവസ്തുക്കളും റോഡ് അരികില്‍ കൂടിക്കിടക്കുന്ന മാലിന്യങ്ങളും തെരുവിൽ നായകളുടെ ശല്യം വർധിപ്പിക്കും. കോവിഡ് കാലത്ത് വളർത്തുനായകളെ പലരും തെരുവിൽ ഉപേക്ഷിച്ചതും മറ്റൊരു കാരണമാണ്. തെരുവ് നായകളുടെ എണ്ണം കുറയ്ക്കുന്നതിനും പേവിഷബാധ അകറ്റുന്നതിനും ലോകാരോഗ്യ സംഘടന കൊണ്ടുവന്ന എബിസി പ്രോഗ്രാം (അനിമൽ ബർത്ത് കണ്ട്രോൾ) പല ജില്ലകളിലും പാളിപ്പോയതും കേസുകളുടെ എണ്ണവും മരണവും വര്‍ദ്ധിക്കാന്‍ ഇടയായി.

എന്താണ് എബിസി പ്രോഗ്രാം? എങ്ങനെ നടപ്പാക്കും?

തെരുവ് നായകളുടെ നിയന്ത്രണവും അവയുടെ വന്ധ്യംകരണവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് 'എബിസി പ്രോഗ്രാം'. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സർക്കാരുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് നടപ്പിലാക്കുന്നത്. തെരുവുകളിൽ നായകളെ മൃഗ സംരക്ഷണ വകുപ്പിലെയും ജില്ലാ മൃഗാശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് നായകളെ വന്ധ്യംകരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പദ്ധതി ചിലയിടത്ത് നടപ്പാക്കിയിരുന്നു. എന്നാല്‍ 2019ൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ എതിർപ്പിനെ തുടർന്ന് കുടുംബശ്രീയെ ഇതിൽ നിന്നും ഒഴിവാക്കി. പിന്നീട് പദ്ധതി നടപ്പാക്കുന്നതില്‍ സർക്കാർ കാര്യമായി വിശകലനം ചെയ്യാതിരുന്നതാണ് സംസ്ഥാനത്തെ സാഹചര്യം രൂക്ഷമാകാനുള്ള കാരണമെന്നാണ് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

എബിസി പ്രോഗ്രാം
എബിസി പ്രോഗ്രാം

കുത്തിവയ്‌പ്പെടുത്തിട്ടും മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിൽ ആരോഗ്യ വിദഗ്‌ധർ ഉൾപ്പെടെ ആശങ്ക പ്രകടിപ്പിക്കുന്നു

കുത്തിവയ്പ്പും ആശങ്കകളും

ഇക്വിൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ, ഹ്യൂമൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ, മോണോക്ലോണൽ ഇമ്മ്യൂണോഗ്ലോബുലിൻസ് എന്നിവയാണ് വൈറസിനെതിരെ പ്രവർത്തിക്കുന്ന ആന്റീബോഡികൾ. മൂന്നുമുതൽ അഞ്ച് ഡോസ് വാക്‌സിൻ വരെയാണ് സാധാരണയായി നൽകുന്നത്. തൊലിപ്പുറത്ത് എടുക്കുന്ന ഇൻട്രാടെർമിനൽ ഇഞ്ചക്ഷനും പേശികളിൽ എടുക്കുന്ന ഇൻട്രാമസ്കുലാർ ഇഞ്ചക്ഷനുമാണ് രണ്ട് പ്രധാന വാക്‌സിനുകൾ.

പേവിഷബാധയേറ്റുള്ള മരണസംഖ്യയിൽ കഴിഞ്ഞ വർഷം വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2016ൽ രണ്ടുപേരാണ് മരിച്ചതെങ്കിൽ, 2021ൽ മരണം 11 ആയി ഉയർന്നു. ഈ വർഷം ഇതെവരെ 14 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. പ്രതിരോധ കുത്തിവയ്പ്പിലൂടെ വൈറസ് ബാധയെ ചെറുക്കാൻ കഴിയുമെങ്കിലും, കുത്തിവയ്‌പ്പെടുത്തിട്ടും മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആരോഗ്യ വിദഗ്‌ധർ ഉൾപ്പെടെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ലാബുകളിൽ നിന്നും ആശുപത്രികൾ എത്തുന്ന വാക്‌സിനുകളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

റോഡരികിലെ മാലിന്യവും തെരുവ് നായകളും
റോഡരികിലെ മാലിന്യവും തെരുവ് നായകളും

എങ്ങനെയൊക്കെ പ്രതിരോധിക്കാം?

പേവിഷബാധയേൽക്കുന്ന കേസുകളിൽ ഭൂരിഭാഗവും തെരുവ് നായയുടെ കടിയേറ്റാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ തെരുവിൽ നിന്നും അക്രമികളായ നായകളെ മാറ്റി അവയ്ക്ക് കൃത്യമായ വാസസ്ഥലം ഉറപ്പാക്കാന്‍ സർക്കാര്‍ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ശ്രമിക്കണം. എങ്കില്‍ മാത്രമെ പ്രതിരോധം കാര്യക്ഷമമാകുകയൊള്ളു. തെരുവ് നായകളിൽ കുത്തിവയ്പ്പ് കൃത്യമായി എടുക്കാൻ ജില്ലാ മൃഗാശുപത്രികളുടെ സഹകരണമുണ്ടാകണം. എബിസി പ്രോഗ്രാം ശരിയായ രീതിയിൽ നടപ്പാക്കാൻ സർക്കാരും മുൻകൈ എടുക്കണം. കൃത്യമായ മാലിന്യ നിർമ്മാർജ്ജനവും റോഡരികുകൾ ഇടവേളകളിൽ വൃത്തിയാക്കുന്നതും തെരുവ് നായകളുടെ എണ്ണം കുറക്കാന്‍ സഹാകരമാകും.

സംസ്ഥാനത്തിൻ്റെ നിലപാട് എന്ത്?

കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിൻ്റെ അംഗീകാരമുള്ള ഏജൻസികൾക്ക് മാത്രമാണ് എബിസി നടപ്പിലാക്കാനുള്ള അധികാരമുള്ളതെന്നിരിക്കെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരസഭകൾ കരാറടിസ്ഥാനത്തിൽ വന്ധ്യംകരണം നടത്തിവരുന്നുണ്ട്. കേരളത്തിൽ മൃഗ സംരക്ഷണത്തിൽ സജീവമായി പ്രവർത്തിക്കുന്ന എൻജിഒകളുടെ അപര്യാപ്തത വെല്ലുവിളിയാണെന്ന് തിരുവനന്തപുരം നഗരസഭയുടെ എബിസി പ്രോഗ്രാം ചുമതലയുള്ള വെറ്ററിനറി സർജൻ ഡോ.ശ്രീരാഗ് ജയൻ ദി ഫോർത്തിനോട് പറഞ്ഞു. നഗരസഭകൾക്ക് കീഴിലുള്ള മൃഗാശുപത്രികൾ വഴി വളർത്തുനായകൾക്ക് കൃത്യമായി വാക്സിൻ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്സിൻ എടുക്കുന്ന തെരുവ് നായകളിൽ ഒരു വർഷത്തെ കാലാവധിക്ക് ശേഷം വീണ്ടും വാക്സിൻ കൃത്യമായി എടുക്കുന്നതിനുള്ള സംവിധാനങ്ങൾ പല പഞ്ചായത്തുകളിലും ഇല്ല എന്നതാണ് സത്യം. എബിസി പ്രോഗ്രാം ആവിഷ്കരിക്കുമ്പോൾ അതിനാവശ്യമായ സംവിധാനങ്ങൾ ഓരോ പഞ്ചായത്തിലും ഉണ്ടോ എന്ന് സർക്കാർ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബശ്രീ യൂണിറ്റുകളെ മാത്രം ആശ്രയിക്കുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും എബിസിയോ കുത്തിവയ്പോ കൃത്യമായി നടക്കുന്നില്ലയെന്നതാണ് വസ്തുത.

സംസ്ഥാനത്ത് ജില്ലതിരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നതെന്ന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകാൻ സജ്ജമാണെന്നും മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.വേണുഗോപാൽ ദി ഫോർത്തിനോട് പറഞ്ഞു. അഞ്ച് ജില്ലകളിൽ ഇതിനോടകം തന്നെ എബിസി പ്രോഗ്രാം പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ആർ.വേണുഗോപാൽ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in