പുതുവത്സരദിനം മുതല്‍ ഡിജിറ്റല്‍ സര്‍ക്കാര്‍ ഓഫീസുകള്‍; പണമിടപാടുകള്‍ എളുപ്പമാകും
കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പണമിടപാടുകള്‍ ഡിജിറ്റലാകുന്നു. ജനുവരി 1 മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും യുപിഐ ക്യുആര്‍ കോഡുകള്‍ വഴിയായിരിക്കും പണമിടപാടുകള്‍ നടത്തുക. ഭൂനികുതി വിവിധ ഫീസുകള്‍ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ തുടങ്ങി എല്ലാ പെയ്‌മെന്റുകളും പുതിയ മോഡ് വഴിയായിരിക്കും സ്വീകരിക്കുക.
പണമിടപാടുകള്‍ക്കു ശേഷം നല്‍കുന്ന പേപ്പര്‍ രസീതുകളും പുതിയ സംവിധാനത്തില്‍ ഉണ്ടാകില്ല.
പണമിടപാടുകള്‍ക്കു ശേഷം നല്‍കുന്ന പേപ്പര്‍ രസീതുകളും പുതിയ സംവിധാനത്തില്‍ ഉണ്ടാകില്ല. പകരം എസ്എംഎസ് രസീതുകളായിരിക്കും ലഭിക്കുക. പണമായും, ഡിജിറ്റല്‍ രൂപത്തിലും നടത്തുന്ന പണമിടപാടുകള്‍ക്കും എസ്എംഎസ് റസീപ്റ്റ് ലഭിക്കും.
പുതിയ സംവിധാനം വരുന്നതോടു കൂടി ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ക്കായി ചലാന്‍ നമ്പര്‍ ഉപഭോക്താവിന്റെ ഫോണിലേക്ക് അയയ്ക്കും. ഇത് ഇ ട്രഷറി വെബ്‌സൈറ്റില്‍ നിന്ന് പ്രിന്റ് ഔട്ട് എടുത്ത് ഉപയോഗിക്കാന്‍ സാധിക്കും. മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ ധന വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പദ്ധതി ജനുവരി ഒന്നിലേക്ക് മാറ്റുകയായിരുന്നു. ഗൂഗിള്‍ പേ വഴിയോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണിലോ, കമ്പ്യൂട്ടറിലോ ഉള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ പെയ്‌മെന്റുകള്‍ നടത്താം.
വ്യത്യസ്ഥ 'ഹെഡ് ഓഫ് അക്കൗണ്ടുകള്‍ക്ക്' കീഴില്‍ വ്യത്യസ്ത സേവനങ്ങള്‍ക്കായി ഗവണ്‍മെന്റിന് പണം ലഭിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുവായി ഒരു ക്യൂ ആര്‍ കോഡ് ഉണ്ടായിരിക്കുന്നതല്ല.
വ്യത്യസ്ഥ 'ഹെഡ് ഓഫ് അക്കൗണ്ടുകള്‍ക്ക്' കീഴില്‍ വ്യത്യസ്ത സേവനങ്ങള്‍ക്കായി ഗവണ്‍മെന്റിന് പണം ലഭിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുവായി ഒരു ക്യൂ ആര്‍ കോഡ് ഉണ്ടായിരിക്കുന്നതല്ല. സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമെ അവരുടെ പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് പേയ്‌മെന്റ് സിസ്റ്റത്തിലേക്ക് ലോഗിന്‍ ചെയ്ത് ഡിജിറ്റല്‍ പെയ്‌മെന്റ് സ്വീകരിക്കാന്‍ അധികാരമുണ്ടാവുകയുള്ളു.
പുതിയ സംവിധാനം വരുന്നതോടുകൂടി പണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ നടത്തുന്ന ദുരുപയോഗം കുറക്കാന്‍ സാധിക്കുമെന്നും ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പണമിടപാടുകളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ധനകാര്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. പുതിയ പദ്ധതി നടപ്പിലാകുന്നതു വഴി സര്‍ക്കാരിന്റെ പേപ്പര്‍ലെസ് പരിപാടിക്കാണ് മുന്‍തൂക്കം ലഭിക്കുന്നത്.