മലയാളം സർവകലാശാല വിസി നിയമനത്തിന് തിരക്കിട്ട നീക്കവുമായി സർക്കാർ; സെർച്ച് കമ്മിറ്റിയുണ്ടാക്കാൻ തീരുമാനം
മലയാളം സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കാൻ തീരുമാനം. കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി രാജ്ഭവന് കത്തെഴുതി. നിലവിലെ നിയമ പ്രകാരം നിയമന അധികാരിയായ ചാൻസലർ ആണ് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത്. എന്നാല്‍, ഗവർണർ ഇതുവരെ ഒപ്പിടാത്ത ചാൻസലറുടെ അധികാരം വെട്ടിചുരുക്കാനായി നിയമസഭ പാസാക്കിയ, സർവകലാശാല നിയമഭേദഗതി അനുസരിച്ചാണ് പുതിയ നീക്കം.
ഗവർണര്‍, യുജിസി, സംസ്ഥാന സർക്കാര്‍ എന്നിവരുടെ പ്രതിനിധികള്‍ ഉൾപ്പെടുന്നതാണ് നിലവിലെ സെർച്ച് കമ്മിറ്റി. എന്നാൽ ഈ നിയമം മറികടന്ന് അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനാണ് സർക്കാർ നീക്കം. കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധി കൂടാതെ യുജിസി പ്രതിനിധിയും, സർക്കാർ പ്രതിനിധിയും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന്റെ പ്രതിനിധിയും, സിൻഡിക്കേറ്റ് പ്രതിനിധിയുമുണ്ടാകും.
നിലവിലെ വൈസ് ചാൻസലറുടെ കാലാവധി ഫെബ്രുവരി ആദ്യം അവസാനിക്കാനിരിക്കെയാണ് തിരക്കിട്ടുള്ള നീക്കം. അതേസമയം സർക്കാരിന്റെ നിർദ്ദേശം ഗവർണർ തള്ളാനാണ് സാധ്യത. നിലവിലില്ലാത്ത നിയമത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ അനുമതി നൽകിയേക്കില്ല.