ആശങ്കയൊഴിയാതെ ബഫർസോൺ; മൂന്നാമത് പ്രസിദ്ധീകരിച്ച ഭൂപടത്തിലും പിഴവുകള്‍

ആശങ്കയൊഴിയാതെ ബഫർസോൺ; മൂന്നാമത് പ്രസിദ്ധീകരിച്ച ഭൂപടത്തിലും പിഴവുകള്‍

ഭൂപടത്തെ സംബന്ധിച്ചുള്ള പരാതികൾ ജനുവരി ഏഴിന് മുൻപായി വിദഗ്ധ സമിതിയെ അറിക്കണം
Updated on
1 min read

ബഫർ സോണില്‍ സർവെ നമ്പറുകള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സർക്കാർ വീണ്ടും പ്രസിദ്ധീകരിച്ച ഭൂപടത്തിലും പിഴവുകളും ആശക്കുഴപ്പങ്ങളും. പല ജില്ലകളിലും സമരസമിതി എതിർപ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ വനംവകുപ്പ് പ്രസിദ്ധീകരിച്ച രണ്ട് ഭൂപടങ്ങളിലും ധാരാളം പിഴവുകളാണ് ചൂണ്ടിക്കാട്ടുന്നത്. ബഫർസോൺ വിഷയത്തിൽ ജനങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുന്നതിനാണ് സർവേ നമ്പർ ഉൾപ്പെടുത്തിയുള്ള ഭൂപടം പ്രസിദ്ധീകരിച്ചത്. എന്നാൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച മാപ്പിൽ സൈലന്റ് വാലിക്ക് പകരം തട്ടേക്കാട് പക്ഷി സങ്കേതമാണ് രേഖപ്പെടുത്തിയിരുന്നത്. പരാതി ഉയർന്നതോടെ ഭൂപടം സർക്കാർ വീണ്ടും തിരുത്തി. എന്നാല്‍ പുതുക്കിയ ഭൂപടത്തില്‍ മണ്ണാർക്കാട് ഉള്‍പ്പെട്ടിട്ടില്ല.

ഡിസംബർ 22നായിരുന്നു ബഫർ സോൺ സംബന്ധിച്ച് കേന്ദ്ര സർക്കാരിന് കൈമാറിയ റിപ്പോർട്ടും ഭൂപടവും സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചത്. എന്നാൽ ഭൂപടത്തിൽ പിഴവുകള്‍ ഉണ്ടെന്ന് വിദഗ്ധ സമിതി തന്നെ കണ്ടെത്തിയിരുന്നു. ഇത് തിരുത്തികൊണ്ടാണ് സർവേ നമ്പർ ഉൾപ്പെടുത്തി പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. സർവേ നമ്പർ നോക്കി ജനവാസകേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായി അറിയുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ പുതിയ ഭൂപടം വ്യക്തതയ്ക്ക് പകരം സംശയങ്ങളാണുണ്ടാക്കുന്നതെന്നാണ് ആക്ഷേപം.

ആശങ്കയൊഴിയാതെ ബഫർസോൺ; മൂന്നാമത് പ്രസിദ്ധീകരിച്ച ഭൂപടത്തിലും പിഴവുകള്‍
സർവേ നമ്പർ ചേർത്ത പുതിയ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ; ജനുവരി ഏഴ് വരെ പരാതി നൽകാം

ഭൂപടത്തിൽ മാർക്ക് ചെയ്ത ഒരേ സർവേ നമ്പറിലെ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ബഫർസോണിനകത്തുള്ളപ്പോൾ ചിലത് പുറത്തുമുണ്ടെന്ന് പരാതിക്കാർ പറയുന്നു. അതേസമയം ഒരു സർവേ നമ്പറിൽ തന്നെ കൂടുതൽ ഭൂമി ഉള്ള സാഹചര്യത്തിലാണിതെന്നും പരാതി കിട്ടുന്ന മുറയ്ക്ക് പരിഹരിക്കാമെന്നുമാണ് സർക്കാർ വിശദീകരണം. വന്യജീവി സങ്കേതത്തിന്റെ അതിർത്തി മാത്രം രേഖപ്പെടുത്തിയതും ബഫർസോൺ മേഖല അടയാളപ്പെടുത്താതതും ആശങ്ക വർധിപ്പിക്കുന്നു. വനാതിർത്തിയും ബഫർസോൺ അതിർത്തിയും വേർതിരിച്ച് വ്യക്തമാക്കണമെന്നും ആവശ്യമുണ്ട്.

ഏതെങ്കിലും ജനവാസകേന്ദ്രമോ നിർമിതികളോ കൃഷിയിടങ്ങളോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ 2023 ജനുവരി ഏഴ് വരെ അറിയിക്കാം

ജനവാസകേന്ദ്രങ്ങളെയും നിർമിതികളെയും ഒഴിവാക്കിക്കൊണ്ട് സർക്കാർ പുതുതായി പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ഏതെങ്കിലും ജനവാസകേന്ദ്രമോ നിർമിതികളോ കൃഷിയിടങ്ങളോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ 2023 ജനുവരി ഏഴ് വരെ eszforest@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ, ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്‌സ് ബിൽഡിംഗ്; തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ അറിയിക്കാം. എന്നാല്‍, സുപ്രീംകോടതി കേസ് പരിഗണിക്കുന്ന ജനുവരി 11നുള്ളില്‍ പരാതികള്‍ പരിഹരിക്കുകയെന്നത് സംസ്ഥാന സർക്കാരിന് വെല്ലുവിളിയുയർത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in