'സെഷൻസ് കോടതി വിധി അനുചിതം, വിവാദ പരാമര്‍ശങ്ങള്‍ നീക്കണം'; സിവിക് ചന്ദ്രനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്
ലൈംഗിക പീഡന പരാതിയിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയെ സമീപിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി അനുചിതമാണെന്നും. വിധിയിലെ വിവാദ പരാമർശം നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടും. മുൻ സുപ്രീംകോടതി വിധികളുടെ ലംഘനമാണ് ഇപ്പോഴത്തെ വിധി എന്നും സർക്കാർ ഹൈക്കോടതിയിൽ ഉന്നയിക്കും.
സിവിക് ചന്ദ്രനെതിരായി രണ്ട് കേസുകളാണ് നിലവിലുള്ളത്. രണ്ടിലും കോടതിയുടെ ഉത്തരവ് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു
സിവിക് ചന്ദ്രനെതിരായി രണ്ട് കേസുകളാണ് നിലവിലുള്ളത്. രണ്ടിലും കോടതിയുടെ ഉത്തരവ് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഓഗസ്റ്റ് രണ്ടിന് പുറപ്പെടുവിച്ച വിധിയിൽ ജാതീയതയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഒരു വ്യക്തി ഇത്തരം പ്രവർത്തികൾ ചെയ്തു എന്ന് വിശ്വസിക്കാനാവില്ല എന്ന പരാമർശത്തോടെയാണ് കോടതി ഉത്തരവിറക്കിയത്. 'പട്ടിക ജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗികാതിക്രമം നടന്നത്, അതുകൊണ്ട് പട്ടികജാതി അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ല' എന്നും മുന്‍കൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഓഗസ്റ്റ് പന്ത്രണ്ടിന് മുൻകൂർജാമ്യം പരിഗണിച്ചുള്ള വിധിയിലും കോടതിയുടെ സമാന പരാമർശങ്ങൾ ഉണ്ടായിരുന്നു. ലൈംഗികാർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷയ്ക്കൊപ്പം കുറ്റാരോപിതന്‍ നല്‍കിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുവെന്നാണ്. അതുകൊണ്ട് 354 എ പ്രാഥമികമായി കേസില്‍ നിലനില്‍ക്കില്ല' എന്നും കോടതി നിരീക്ഷിച്ചിരുന്നു.
ആദ്യ വിധിയിലെ അപ്പീൽ ഇന്നും രണ്ടാം വിധിയിലെ അപ്പീൽ തിങ്കളാഴ്ചയും സമര്‍പ്പിക്കാനാണ് സർക്കാർ തീരുമാനം
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ നടത്തിയ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും കുറ്റപ്പെടുത്തി. തങ്ങളുടെ മുന്നില്‍ വരുന്ന വിഷയങ്ങളെ വിലയിരുത്തി ഉത്തരവ് നല്‍കുവാന്‍ കോടതിക്ക് അവകാശമുണ്ട്. എന്നാല്‍ ഈ കേസില്‍ പരാതിക്കാരിയുടെ വസ്ത്ര ധാരണത്തെക്കുറിച്ച് നടത്തിയ കോടതിയുടെ പരാമര്‍ശം സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധമാണ്. ഇത്തരം കേസുകളിൽ വിചാരണയും കോടതി നടപടികളും അതിജീവിതയ്ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകന്‍ ക്രോസ് വിസ്താരം നടത്തുമ്പോള്‍പോലും അവരെ അവഹേളിക്കുന്ന ചോദ്യങ്ങളോ, പരാമര്‍ശങ്ങളോ ഉണ്ടാകരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെയാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന് ഉറപ്പ് നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം കൂടിയാണ് വസ്ത്ര ധാരണത്തെ സംബന്ധിച്ചുള്ള കോടതി പരാമര്‍ശമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
രണ്ട് വിധികളും വിവാദമായതോടെയാണ് സർക്കാർ ഇടപെടൽ. ആദ്യ വിധിയിലെ അപ്പീൽ ഇന്നും രണ്ടാം വിധിയിലെ അപ്പീൽ തിങ്കളാഴ്ചയും സമര്‍പ്പിക്കാനാണ് സർക്കാർ തീരുമാനം.
2020 ല്‍ കോഴിക്കോട് ജില്ലയിലെ നന്ദിയില്‍ നടന്ന ക്യാമ്പിനിടെ സിവിക് ചന്ദ്രന്‍ പരാതിക്കാരിയെ ലൈംഗികമായി കീഴ്‌പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. കൊയിലാണ്ടി പോലീസ് 354 എ(2), 341, 354 എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജൂലൈ 17നാണ് പോലീസിൽ പരാതി നൽകിയത്.