ഡോ. സുഷമ മലയാളം സർവകലാശാല വി സി, എം ജിയുടെ ചുമതല സി ടി അരവിന്ദ് കുമാറിന്; നിയമനം സർക്കാർ പട്ടികയിൽ നിന്ന്
എം ജി, മലയാളം സർവകലാശാലകളിലേക്ക് താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ. മലയാളം സർവകലാശാല വി സിയായി ഡോ. എൽ സുഷമയെയും എം ജി സർവകലാശാല വി സിയായി പ്രൊഫ. സി ടി അരവിന്ദ് കുമാറിനെയും നിയമിച്ചു. സർക്കാർ നൽകിയ പട്ടികയിൽ നിന്നാണ് താത്കാലിക നിയമനം.
ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം പ്രൊഫസറാണ് ഡോ. സുഷമ. എം ജി സർവകലാശാല സ്കൂൾ ഓഫ് എൻവയോൺമെൻറ് വിഭാഗം പ്രൊഫസറാണ് ഡോ. അരവിന്ദ് കുമാർ. ചുമതല കൈമാറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. എം ജി സർവകലാശാല മുൻ വി സി സാബു തോമസിനായിരുന്നു മലയാളം സർവകലാശാലയുടെയും ചുമതല. അദ്ദേഹം വിരമിച്ചതോടെയാണ് ചുമതല മാറ്റി നൽകിയത്.
വി സിമാരുടെ താത്‌കാലിക ചുമതല നിശ്ചയിക്കാൻ സീനിയർ പ്രൊഫസർമാരുടെ പട്ടിക നൽകാൻ ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് സമർപ്പിച്ച പട്ടികയിൽ നിന്നാണ് ഇരുവരെയും നിയമിച്ചത്. എംജി സർവകലാശാലയിൽ നിന്ന് വി സി ഡോ. സാബു തോമസ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്നതിലടക്കം വലിയ പ്രതിസന്ധിയായിരുന്നു നേരിട്ടിരുന്നത്. വി സി നിയമനം വൈകിയതോടെ സർവകലാശാലയുടെ ഭരണവും അനിശ്ചിതത്വത്തിലായിരുന്നു. ഇക്കഴിഞ്ഞ 31ന് വിരമിച്ചവരുടെ ഒഴിവിലേക്ക് ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റവും മുടങ്ങികിടക്കുകയാണ്.
അതേസമയം എം ജി സർവകലാശാല വെെസ് ചാൻസലർ പദവിയിൽ നിന്നും സ്ഥാനമൊഴിഞ്ഞ വി സി ഡോ. സാബു തോമസിനെ പുനർനിയമിക്കാൻ സർക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ ഗവർണർ അംഗീകാരം നൽകാത്തതിനാൽ വി സിമാരുടെ പട്ടിക സർക്കാർ പുതുക്കി നൽകുകയായിരുന്നു. പുതിയ പട്ടികയിൽ നിന്ന് സാബു തോമസിന്റെ പേര് ഒഴിവാക്കിയിരുന്നു. വിരമിച്ച വി സിയെയും താരതമ്യേന ജൂനിയറായ പ്രൊഫസറുമാരെയും ഉൾപ്പെടുത്തിയതിനാലാണ് സർക്കാർ നേരത്തെ നൽകിയ പട്ടിക ഗവർണർ തള്ളിയത്. സർക്കാരിന് താത്പര്യമുള്ളവരുടെ ലിസ്റ്റാണ് ഇതെന്നായിരുന്നു ഗവർണറുടെ വിലയിരുത്തൽ. തുടർന്ന് മുതിർന്ന പ്രൊഫസർമാരടങ്ങിയ പുതിയ പട്ടിക ഗവർണർ ആവശ്യപ്പെടുകയായിരുന്നു.