മഞ്ഞുരുകിയിട്ടും നിർണായക ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; സർവകലാശാല- ചാൻസലർ- ലോകായുക്താ ബില്ലുകൾക്ക് അംഗീകാരമില്ല

മഞ്ഞുരുകിയിട്ടും നിർണായക ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; സർവകലാശാല- ചാൻസലർ- ലോകായുക്താ ബില്ലുകൾക്ക് അംഗീകാരമില്ല

തർക്കമുള്ള ബില്ലുകളുമായി ബന്ധപ്പെട്ട് ഗവർണർക്കുള്ള അതൃപ്തികൾ പരിഹരിക്കാനുള്ള ഇടപെടലുകൾ വരുംദിവസങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് സൂചന
Updated on
1 min read

സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിന് അയവ് വന്നെങ്കിലും നിർണായക ബില്ലുകൾക്ക് അംഗീകാരം നൽകാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവര്‍ണറെ ചാൻസലര്‍ പദവിയില്‍ നിന്ന് നീക്കുന്ന ചാൻസലർ ബില്ലും ലോകായുക്താ ബില്ലും സർവകലാശാല നിയമഭേദഗതിബില്ലും ഗവർണർ അംഗീകരിച്ചില്ല. നിയമസഭ പാസാക്കിയ 17ൽ 14 ബില്ലുകളിൽ മാത്രമാണ് ഗവർണർ ഒപ്പിട്ടത്. ഒപ്പിടാത്ത ബില്ലുകളിൽ ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്ന് വരും ദിവസങ്ങളിലുണ്ടാകും.

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്ന ബിൽ പാസാ പാസാക്കിയത്. ആറാം സമ്മേളനം സർവകലാശാല നിയമഭേദഗതി ബില്ലും ലോകായുക്താ ബില്ലും പാസാക്കി. ഇവയൊഴികെ 14 ബില്ലുകൾക്ക് അംഗീകാരം ലഭിച്ചതോടെ ഇവ നിയമമാകും. സർക്കാർ - ഗവർണർ പോരിന് അയവ് വന്നതിന് പിന്നാലെയാണ് ഗവർണർ ബില്ലുകളിൽ ഒപ്പുവെച്ചത്. എന്നാൽ നിർണായക ബില്ലുകളിൽ ഒപ്പുവെയ്ക്കാത്തത് സർക്കാരിന് ആശങ്കയാണ്. അംഗീകാരം നൽകാത്ത ബില്ലുകളിൽ കൂടുതൽ പരിശോധകൾ നടത്താനാണ് ഗവർണർ ആലോചിക്കുന്നത്. ഇവ പാസാക്കുന്നതിൽ ഭരണഘടനാപരമായ പ്രശ്നമുണ്ടോ എന്നതടക്കം കാര്യം പരിശോധിച്ച ശേഷം മാത്രം അനുമതി നൽകാനാണ് ഗവർണറുടെ തീരുമാനം.ബില്ലുകളുമായി ബന്ധപ്പെട്ട് ഗവർണർക്കുള്ള അതൃപ്തികൾ പരിഹരിക്കാനുള്ള ഇടപെടലുകൾ വരുംദിവസങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in