''കണ്ണുംപൂട്ടി ഒപ്പിടാനാകില്ല''; ഓര്‍ഡിനന്‍സില്‍ ഇടഞ്ഞ് ഗവര്‍ണര്‍, സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍
ഓർഡിനൻസുകളിൽ കണ്ണുംപൂട്ടി ഒപ്പുവെയ്ക്കാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസ് പഠിക്കാൻ സമയം വേണം. കൃത്യമായി പരിശോധിച്ച ശേഷമേ ഒപ്പിടാനാകൂ എന്നും ഗവർണർ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഗവര്‍ണറുടെ നിലപാട്. ലോകായുക്ത ഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകൾ ഇതോടെ അസാധുവായേക്കും.
നിയമസഭ ചേർന്നിട്ടും ഓർഡിനൻസ് നിയമമായില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഓർഡിനൻസ് അടിയന്തര സാഹചര്യത്തിൽ പാസാക്കേണ്ടതാണ്. ഓർഡിനൻസിലൂടെയാണ് ഭരിക്കുന്നതെങ്കിൽ എന്തിനാണ് നിയമ നിർമാണസഭകൾ. സുപ്രീംകോടതി തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ അനുസൃതമായ കാര്യങ്ങളാണ് ഗവർണർ ചെയ്യേണ്ടതെന്നും ഗവർണർ വ്യക്തമാക്കി.
ഓർഡിനൻസുകൾ നിയമസഭയിൽ എത്താത്തത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു
അതേസമയം, ഓർഡിനൻസുകൾ നിയമസഭയിൽ എത്താത്തത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ അജണ്ട ധനകാര്യം മാത്രമായിരുന്നുവെന്നും നിയമ നിർമാണത്തിനായി ഒക്ടോബറിൽ പ്രത്യേക സഭാ സമ്മേളനം ചേരുമെന്നും സർക്കാർ ഗവർണറെ അറിയിച്ചു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും വിശദീകരണം ലഭിച്ചില്ലെന്നാണ് ഗവർണറുടെ ആരോപണം.
ഓർഡിനൻസ് ഭരണം പാടില്ല എന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ഓർഡിനൻസ് ഒപ്പിടില്ല എന്ന് ഗവർണർ പറഞ്ഞിട്ടില്ല. ഗവർണർ ഒപ്പിടുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇത്തരം കാര്യങ്ങൾക്ക് നിയമസഭാ സമ്മേളനം വിളിക്കുന്നത് പരിഗണനയിലാണെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെ നിർണായകമായ 11 ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഗവർണറുടെ പ്രതികരണം. ഗവര്‍ണറെ അനുനയിപ്പിക്കാനായില്ലെങ്കില്‍ ഓര്‍ഡിനന്‍സുകൾ റദ്ദാകും. ഇതില്‍ പ്രധാനം കേരളാ ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സാണ്. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ഓര്‍ഡിനന്‍സാണ് ഇത്. ആദ്യ ഘട്ടത്തിലും ഈ ഓര്‍ഡിന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി നേരിട്ടെത്തിയാണ് വിശദീകരണം നല്‍കിയത്.