ക്രിസ്മസ് വിരുന്ന് ; മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവര്‍ണര്‍
രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് എത്താൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണക്കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി പരസ്യഏറ്റുമുട്ടൽ നടക്കുന്നതിനിടെയാണ് ഗവർണറുടെ ഈ നീക്കം. എന്നാൽ ഗവര്‍ണറുടെ നടപടി മധുരപ്രതികരമാണെന്ന വ്യാഖ്യാനവും വന്നുകഴിഞ്ഞു. സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലേക്ക് ഗവർണര്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല.
സ്പീക്കർ എ എൻ ഷംസീറും ഉദ്യോഗസ്ഥരും ആഘോഷത്തിനെത്തുമെന്നാണ് വിവരം. ഗവർണർ ക്ഷണിച്ചാൽ എത്ര തിരക്കുണ്ടായാലും രാജ്ഭവനിലെത്തുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പുലർത്തുന്ന കീഴ്‌വഴക്കം. നിയമസഭാ സമ്മേളനത്തിന്റെ ആദ്യഘട്ടം 13ന് പൂർത്തിയാകുന്നത് കൂടി കണക്കിലെടുത്താണ് ഗവർണർ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ തവണ മതമേലധ്യക്ഷൻമാരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണറുടെ ക്രിസ്മസ് ആഘോഷം. എന്നാൽ, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിന് ക്ഷണിച്ചിരിക്കുകയാണ്. ഈ മാസം 14ന് വൈകിട്ട് അഞ്ചിന് ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാനാണ് ക്ഷണം. തിരുവനന്തപുരത്തെ ചടങ്ങിന് ശേഷം കൊച്ചിയിലും കോഴിക്കോട്ടും പരിപാടികൾ സംഘടിപ്പിക്കാനും രാജ്ഭവൻ അധികൃതര്‍ക്ക് ഗവർണർ നിർദേശം നല്‍കി.