നനഞ്ഞ പടക്കമായി ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം; രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ്, മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം

നനഞ്ഞ പടക്കമായി ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം; രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ്, മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം

കണ്ണൂര്‍ സര്‍വകലാശാലയിലെ അനധികൃത നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നുമുണ്ടായില്ല
Updated on
1 min read

പറഞ്ഞുപഴകിയ ആരോപണങ്ങള്‍ ആവര്‍ത്തിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനം നനഞ്ഞ പടക്കമായി. നാളുകളായി ആവര്‍ത്തിക്കുന്ന കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ് വിവാദവും കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഇടപെടലുമാണ് രാജ്ഭവനില്‍ ഒന്നര മണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമായും ഉന്നയിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയിലെ അനധികൃത നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. മുഖ്യമന്ത്രി പല ആനുകൂല്യങ്ങളും തേടിയിട്ടുണ്ട്. അതിന്റെ തെളിവുകളും തന്റെ പക്കലുണ്ടെന്നായിരുന്നു ഗവര്‍ണര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. എന്നാല്‍, വാര്‍ത്താസമ്മേളനത്തില്‍ ഒന്നുമുണ്ടായില്ല. അതേസമയം, ആര്‍എസ്എസുമായുള്ള ബന്ധം മൂന്നര പതിറ്റാണ്ട് പഴക്കമുള്ളതാണെന്ന് സമ്മതിച്ച ഗവര്‍ണര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും ആശയത്തോടുമുള്ള വിപ്രതിപത്തിയും മറച്ചുവച്ചതുമില്ല.

അതേസമയം, വാര്‍ത്താസമ്മേളനം കഴിഞ്ഞതിനു പിന്നാലെ, ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് രംഗത്തെത്തി. പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത ആരിഫ് മുഹമ്മദ് ഖാന്‍ രാജിവയ്ക്കണമെന്നായിരുന്നു ആവശ്യം. ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തിയാണെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ആരോപണം. ആര്‍എസ്എസ് പ്രചാരകനാണ് ഗവര്‍ണര്‍. കേരളം പോലെ വിദ്യാസമ്പന്നമായ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ല. പക്വതയില്ലാതെ പെരുമാറുന്ന ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുന്നു. എത്രയും വേഗം സ്ഥാനമൊഴിയണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ അവാസ്തവമായ പരാമര്‍ശമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍ ആരോപിച്ചു. സിപിഎമ്മിനെ കടന്നാക്രമിക്കാനുള്ള വേദിയായി രാജ്ഭവനെ മാറ്റിയെന്നും ബാലന്‍ വിമര്‍ശിച്ചു.

അതേസമയം, ബില്ലുകളില്‍ ഒപ്പിടില്ല എന്ന ഗവര്‍ണറുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ചരിത്ര കോണ്‍ഗ്രസില്‍ നടന്നുവെന്ന് ഗവര്‍ണര്‍ ആരോപിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ്. അതേസമയം, ആര്‍എസ്എസ് തലവനെ പോയി കണ്ടത് ഇരിക്കുന്ന പദവിക്ക് യോജിച്ചതാണോയെന്ന് ഗവര്‍ണര്‍ ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.

logo
The Fourth
www.thefourthnews.in