സർക്കാരിനെയും സർവകലാശാലയേയും പ്രതിരോധത്തിലാക്കി ഗവർണർ: പ്രിയാ വർഗീസിൻ്റെ നിയമനത്തിൽ സ്വജനപക്ഷപാതം
കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിൽ സ്വജനപക്ഷപാതം നടന്നതായി പ്രഥമികമായി ബോധ്യപ്പെട്ടെന്ന് ഗവർണർ ആരീഫ് മുഖമ്മദ് ഖാൻ. ഇക്കാര്യത്തിൽ തന്നെ ഇരുട്ടിൽ നിർത്തുകയായിരുന്നുവെന്നും ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻ്റെ ഭാര്യയാണ് പ്രിയാ വർഗീസ്. അവരെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിൽ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം
സ്വജനപക്ഷപാതം മറച്ചുവെയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഗവർണർ ആരോപിച്ചു. ഗവർണർ ഒപ്പിടാതെ ഒരു ബില്ലും നിയമമാവില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നിയമനിർമാണവുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.
നിയമലംഘനങ്ങൾ കണ്ണൂർ സർവകലാശാലയിലെ ചട്ടമായി മാറിയെന്നും ഗവർണർ
തനിക്ക് ചാൻസലറുടെ അധികാരമുള്ളിടത്തോളം ഒരു തരത്തിലുമുള്ള നിയമലംഘനമോ ക്രമക്കേടോ അനുവദിക്കില്ലെന്ന് ഗവർണർ പറഞ്ഞു. പ്രിയാ വർഗീസിന്റെ നിയമനത്തിൽ അഡ്വക്കേറ്റ് ജനറൽ, യുജിസി തുടങ്ങി എല്ലാവരോടും അഭിപ്രായം തേടി. എന്നാൽ തന്നെ മാത്രം ഇരുട്ടിൽ നിർത്തി. കാര്യങ്ങൾ മറച്ചുവെയ്ക്കാനുള്ളതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമായെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ ജനപക്ഷപാതം, ക്രമക്കേട്, നിയമലംഘനം എന്നിവ നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. ചട്ടലംഘനങ്ങളുടെ പരമ്പര തന്നെയാണ് കണ്ണൂരിൽ നടക്കുന്നത്. നിയമ ലംഘനങ്ങൾ കണ്ണൂർ സർവകലാശാലയിലെ ചട്ടമായി മാറിയെന്നും ഗവർണർ ആരോപിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥിതിയിൽ താൻ ആശങ്കാകുലനെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
തീരാത്ത വിവാദം
കണ്ണൂർ സർവകലാശാലയിൽ മലയാളം വകുപ്പിൽ പ്രിയാ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിനെതിരെ വലിയ ആക്ഷേപമാണ് ഉയരുന്നത്. . റിസർച്ച് സ്കോറിൽ ഏറെ പിറകിലായിരുന്ന പ്രിയാ വർഗീസ് അഭിമുഖത്തിന് ശേഷം പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഒന്നാമതെത്തുകയായിരുന്നു. പ്രിയയുടെ അധ്യാപന കാലയളവ് സംബന്ധിച്ചും ആക്ഷേപം ഉയർന്നു. ഫാക്കൽറ്റി ഡെവലപ്‌മെന്റിനായി ചെലവഴിച്ച കാലയളവും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന തസ്തികയിലെ പരിചയമായി കണക്കാക്കിയതാണ് വിവാദമായത്. ഇത് ചട്ടവിരുദ്ധമാണെന്നാണ് ആരോപണം. എന്നാൽ ഇത് ചട്ട പ്രകാരമാണെന്നും റിസർച്ച് സ്കോറിന് യോഗ്യതാസ്വഭാവം മാത്രമേ ഉള്ളൂവെന്നുമാണ് സർവകലാശാലയുടെ വിശദീകരണം.
വീണ്ടും വിശദീകരിച്ച് പ്രിയാ വർഗീസ്
അതേസമയം നിയമനത്തിൽ വിശദീകരണവുമായി പ്രിയാവർഗീസ് ഇന്ന് വീണ്ടും രംഗത്തെത്തി. കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചെന്നും റിസർച്ച് സ്കോറിന്റെ ഫിസിക്കൽ വെരിഫിക്കേഷൻ നടന്നില്ലെന്നാണ് വിശദീകരിച്ചതെന്നും പ്രിയാ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്നും പ്രതികരണം. യോഗ്യതയായ 75 റിസർച്ച് സ്കോർ ഉണ്ടോ എന്നാണ് സ്കീനിംഗ് കമ്മിറ്റി പരിശോധിച്ചതെന്നും മുഴുവൻ അവകാശവാദങ്ങളും പരിശോധിച്ചില്ലെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും പ്രിയ വ്യക്തമാക്കി.
പ്രിയാ വർഗീസിന്റെ നിയമനത്തിന് മുൻപുതന്നെ കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും നേർക്കുനേർ വന്നതാണ്. നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നായിരുന്നു ഗവർണറുടെ വാദം. കാലടി,കലാമണ്ഡലം സർവകലാശാലകളുമായി ബന്ധപ്പെട്ടും ഗവർണർ- സർക്കാർ പോര് ഉണ്ടായി. കേരളാ സർവകലാശാല വിസി നിയമനത്തിൽ സ്വന്തം നിലയ്ക്ക് സർച്ച് കമ്മിറ്റി രൂപീകരിച്ച ആരിഫ് മുഹമ്മദ് ഖാൻ സർക്കാരുമായി വീണ്ടും ഏറ്റുമുട്ടൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി സി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചത്. ലോകായുക്താ നിയമഭേദഗതിയടക്കം സഭാസമ്മേളനം വിളിച്ച് പാസാക്കാനാണ് സർക്കാർ നീക്കം. ഓർഡിനൻസ് ഒപ്പിടാതെ ഗവർണർ കുഴപ്പിച്ചതോടെയാണ് സഭാ സമ്മേളനം അടിയന്തരമായി വിളിക്കാൻ സർക്കാർ തീരുമാനിച്ചത്.