ഇടത് നേതാക്കളെ കടന്നാക്രമിച്ച് ഗവർണർ: കെ ടി ജലീല്‍, സജി ചെറിയാൻ, ഇ പി ജയരാജൻ എന്നിവർക്കെതിരേ വിമർശനം
രാജ് ഭവനിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തില്‍ സിപിഎം നേതാക്കളെ കടന്നാക്രമിച്ച് ഗവര്‍ണര്‍. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ തനിക്കെതിരേയുണ്ടായ പ്രതിഷേധങ്ങളെ തടയാതിരിക്കാൻ പോലീസിനെ പിടിച്ചു നിർത്തിയത് കെ കെ രാഗേഷാണ്. ഇതിനു പ്രതിഫലമായി ലഭിച്ചതാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി സ്ഥാനം. കണ്ണൂരിലെ ചരിത്രകോണ്‍ഗ്രസില്‍ നടന്ന സംഭവത്തിൽ പ്രതികരിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും തങ്ങളെ തടയുകയായിരുന്നെന്ന് പോലീസുകാർ തന്നോട് പറഞ്ഞു. കെ ടി ജലീൽ എംഎൽഎ, മുൻ മന്ത്രി സജി ചെറിയാൻ, ഇ പി ജയരായന്‍ എന്നിവർക്കെതിരെയും ഗവർണർ വെറുതേവിട്ടില്ല.
കെ ടി ജലീലിന്റെ 'ആസാദ് കശ്മീർ' പരാമർശത്തെ ചൂണ്ടി കാട്ടിയായിരുന്നു വിമർശനം. ജലീൽ പാക്കിസ്ഥാന്‍ ഭാഷയാണുപയോഗിക്കുന്നത്. രാജ്യത്തിൻറെ അഖണ്ഡതയെ ചോദ്യം ചെയ്യുകയാണ് ജലീല്‍. മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ പൊതുസഭയിൽ അപമാനിച്ചു.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ കൺവീനറെ മോശം പെരുമാറ്റത്തെ തുടർന്ന് വിമാന കമ്പനി വിലക്കിയിരിക്കുകയാണ്. ഇതുപോലെയുള്ള പെരുമാറ്റങ്ങൾ തങ്ങളുടെ അവകാശമായാണ് ഇ പി ജയരാജൻ കാണുന്നതിനും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഇതെല്ലാം സിപിഎം പരിശീലന ക്യാമ്പുകളിൽ പഠിപ്പിക്കുന്നതാണ്. അതിൽ ചിലത് പുറത്തുപറഞ്ഞതാണ് അവർ ചെയ്ത അബദ്ധം. അതുകൊണ്ടാണ് രാജ്യത്തിന് പുറത്തുണ്ടായ ചില പ്രത്യയശാസ്ത്രങ്ങളെ വിമർശിച്ചതെന്നും ഗവർണർ പറഞ്ഞു.