സാങ്കേതിക സർവകലാശാലയില്‍ താത്കാലിക ജീവനക്കാരുടെ നിയമനം റദ്ദാക്കി ഗവർണർ

സാങ്കേതിക സർവകലാശാലയില്‍ താത്കാലിക ജീവനക്കാരുടെ നിയമനം റദ്ദാക്കി ഗവർണർ

വൈസ് ചാൻസലറുടെ അനുമതിയില്ലാതെ രജിസ്ട്രാർ വിജ്ഞാപനമിറക്കിയതിനെ തുടർന്നാണ് നിയമനം റദ്ദാക്കാൻ ഗവർണർ തീരുമാനിച്ചത്.
Updated on
1 min read

സാങ്കേതിക സർവകലാശാലയിലെ താത്കാലിക ജീവനക്കാരുടെ നിയമനം റദ്ദാക്കി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ അപേക്ഷ സ്വീകരിച്ച് രജിസ്ട്രാർ പുറപ്പെടുവിച്ച വിജ്ഞാപനമാണ് ഗവർണർ ഇടപെട്ട് തടഞ്ഞത്.

വൈസ് ചാൻസലറുടെ അനുമതിയില്ലാതെ രജിസ്ട്രാർ വിജ്ഞാപനമിറക്കിയതിനെ തുടർന്നാണ് നിയമനം റദ്ദാക്കാൻ ഗവർണർ തീരുമാനിച്ചത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ പിഎസ്‌സിയിലെ നിലവിലെ ലിസ്റ്റിൽ നിന്നോ താത്കാലമായി ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട്, യൂണിവേഴ്സിറ്റി ജീവനക്കാരുടെ ഫെഡറേഷൻ ഗവർണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് രാജ്ഭവൻ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

തന്റെ അറിവോ സമ്മതമോ കൂടാതെയാണ് രജിസ്ട്രാർ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതെന്നാണ് വൈസ് ചാൻസലർ ഗവർണറെ അറിയിച്ചത്. ഇതുകൂടി പരിഗണിച്ചാണ് ഗവർണറുടെ നടപടി.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ഗവർണർ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം. അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, പ്രോഗ്രാമർ,ഡ്രൈവർ, സ്വീപ്പർ തുടങ്ങിയ 91 പേരാണ് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്നത്. 16,000 രൂപ മുതൽ 32,000 രൂപ വരെ പ്രതിമാസ ശമ്പളത്തിലാണ് ഇവരുടെ നിയമനം നടത്തിയത്.

logo
The Fourth
www.thefourthnews.in