പിണറായി വിജയനും ആരിഫ് മുഹമ്മദ് ഖാൻ
പിണറായി വിജയനും ആരിഫ് മുഹമ്മദ് ഖാൻ

സര്‍ക്കാരുമായി തുറന്നപോരിന്; കേരളാ വിസി നിയമനത്തിന് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

ഗവർണറുടെ നടപടി വിസി നിയമന ചട്ടം ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കത്തിനിടെ
Updated on
2 min read

സര്‍വകാലശാലാ വൈസ് ചാന്‍സലർ നിയമത്തില്‍ സര്‍ക്കാരുമായി വീണ്ടും പോരിനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളാ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ നിയമനത്തിന് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. വി സി നിയമനത്തിന് നിയമഭേദഗതിക്ക് സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് ഗവര്‍ണറുടെ നീക്കം. കണ്ണൂര്‍ സര്‍വകലാശാലാ വി സി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം നേരത്തെ സര്‍ക്കാരും ഗവര്‍ണറും തമ്മിലെ തുറന്ന പോരിലേക്ക് എത്തിയിരുന്നു.

കേരളാ സര്‍വകലാശാലയുടെ പുതിയ വിസിയെ നിയമിക്കുന്നതിനാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയില്‍ ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാലാ പ്രതിനിധിയില്ലാതെയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത് . പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ സര്‍വകലാശാല പേര് നിര്‍ദേശിക്കുമ്പോള്‍ ഉള്‍പ്പെടുത്തുമെന്നാണ് രാജ്ഭവന്‍ നല്‍കുന്ന വിശദീകരണം.

പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ, കണ്ണൂർ സർവകലാശാല വിസി
പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ, കണ്ണൂർ സർവകലാശാല വിസി

കണ്ണൂർ വിസി നിയമനവും വിവാദവും

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതിനെതിരെ പരസ്യ പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. പുതിയ വിസിയെ കണ്ടെത്താന്‍ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും അത് പിരിച്ചുവിട്ട് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കുകയുമായിരുന്നു. നിയമനത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്നും ചട്ടങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ല എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പിന്നീട് നിലപാടെടുത്തു. അതൃപ്തി മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചെന്ന് മാത്രമല്ല കത്തിലെ വിവരങ്ങള്‍ മാധ്യമങ്ങൾക്കും ലഭിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തുറന്ന പോരിലേക്കാണ് പിന്നീട് കാര്യങ്ങള്‍ എത്തിയത്.

ആർ ബിന്ദു, ഉന്നത വിദ്യാഭ്യാസമന്ത്രി
ആർ ബിന്ദു, ഉന്നത വിദ്യാഭ്യാസമന്ത്രി

സര്‍വകലാശാല പ്രോ-ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു , ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനായി ഇടപെട്ടെന്നായിരുന്നു പ്രധാന വാദം. എന്നാല്‍ ചട്ടവിരുദ്ധമായാണ് നിയമനമെങ്കില്‍ ഗവര്‍ണര്‍ അതില്‍ ഒപ്പുവെച്ചതെന്തിനെന്ന് ചോദ്യമുയര്‍ന്നു. മറുഭാഗത്ത് ഗവര്‍ണറെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമവുമുണ്ടായി. പ്രൊഫ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ഹൈക്കോടതി ശരിവെയ്ക്കുകയും ലോകായുക്ത ആര്‍ ബിന്ദുവിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയതത് സര്‍ക്കാരിന് ആശ്വാസമായി.

കേരളാ സർവകലാശാലയുമായി തുറന്ന പോരിൽ

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡീ ലിറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട് കേരളാ സര്‍വകലാശാലയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്ല ബന്ധത്തിലല്ല. ഡീലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ സര്‍വകലാശാല തള്ളുകയായിരുന്നു. വിഷയത്തില്‍ നേരിട്ട് വിളിച്ചു വരുത്തി വൈസ് ചാന്‍സലര്‍ ഡോ. മഹാദേവന്‍ പിള്ളയില്‍ നിന്ന് വിശദീകരണം എഴുതിവാങ്ങിയ ഗവര്‍ണര്‍, അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ പരിഹസിക്കുകയും ചെയ്തു. ഇതിന് മലയാളത്തില്‍ മറുപടിയുമായി എത്തിയ വി സിക്ക് സിന്‍ഡിക്കേറ്റ് പൂര്‍ണ പിന്തുണയും നല്‍കി.

ഡോ. മഹാദേവന്‍ പിള്ള, കേരളാ സർവകലാശാല വിസി
ഡോ. മഹാദേവന്‍ പിള്ള, കേരളാ സർവകലാശാല വിസി

ഡോ. മഹാദേവന്‍ പിള്ളയുടെ കാലാവധി പൂര്‍ത്തിയാകുന്നതിനാല്‍ ഒക്ടോബറോടെ പുതിയ വി സിയെ നിയമിക്കേണ്ടതുണ്ട്. കേരളാ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. വി കെ രാമചന്ദ്രന്റെ പേര് സര്‍വകലാശാല സെനറ്റ് മുന്നോട്ടുവെച്ചെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ഗവര്‍ണറെ അറിയിച്ചിരുന്നില്ല. നിലവിലെ ചട്ടപ്രപകാരം സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധി, യുജിസി പ്രതിനിധി, സര്‍വകലാശാല പ്രതിനിധി എന്നിങ്ങനെയാണ് അംഗങ്ങള്‍. സെര്‍ച്ച് കമ്മിറ്റിയാണ് വൈസ് ചാന്‍സലറെ നിശ്ചയിക്കേണ്ടത്. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പേര് തള്ളാന്‍ സര്‍ക്കാരിന് സാധിക്കില്ല.

ചട്ടഭേദഗതിക്ക് സർക്കാർ

കേരളാ വിസി നിയമനത്തിന് മുന്‍പ് സ്‌പെഷ്യല്‍ ഓര്‍ഡിനന്‍സ് വഴി വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരുന്നു. സര്‍വകലാശാല നിയമങ്ങള്‍ പരിഷ്‌ക്കരിക്കാൻ രൂപീകരിച്ച ഡോ. എന്‍ കെ ജയകുമാര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇതുപ്രകാരം സെര്‍ച്ച് കമ്മിറ്റിയിലെ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന് നിശ്ചയിക്കാം. ഏകകണ്ഠമായി ഗവര്‍ണറെ നിശ്ചയിക്കാന്‍ സെര്‍ച്ച് കമ്മിറ്റിക്ക് ആയില്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായം മാനിക്കണമെന്നാണ് കമ്മിറ്റി നിര്‍ദേശം. സര്‍വകലാശാലയുടെയും ഗവര്‍ണറുടെയും പ്രതിനിധികള്‍ സ‍ർക്കാർ നോമിനികളാകുമ്പോള്‍ വിഷയത്തില്‍ സര്‍ക്കാരിന് മേല്‍കൈ ഉണ്ടാകുമെന്ന് ഉറപ്പാണ്. സര്‍ക്കാരിന്റെ ഈ നീക്കം മുന്നില്‍ കണ്ടാണ് നിലവിലെ ചട്ടപ്രകാരം നടപടിയുമായി മുന്നോട്ടുപോകാന്‍ ഗവര്‍ണര്‍ നടപടിയാരുംഭിച്ചത് എന്നാണ് വ്യക്തമാകുന്നത്.

logo
The Fourth
www.thefourthnews.in