'സർക്കാരുമായുള്ള പോര് ഭരണഘടനാവിരുദ്ധം'; ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി  ബിനോയ് വിശ്വം

'സർക്കാരുമായുള്ള പോര് ഭരണഘടനാവിരുദ്ധം'; ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി ബിനോയ് വിശ്വം

സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്ന് ബിനോയ് വിശ്വം
Updated on
1 min read

സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനെതിരെ ബിനോയ് വിശ്വം എം പി രാഷ്ട്രപതിക്ക് പരാതി നല്‍കി. സർക്കാരുമായി തുറന്ന പോരിനിറങ്ങിയ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കത്തില്‍ പറയുന്നു. സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാജ്ഭവന്‍റെ ഔന്നത്യം കാത്തുസൂക്ഷിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ പ്രവര്‍ത്തനത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നത് തടയണമെന്നും പരാതിയിലുണ്ട്.

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തിങ്കളാഴ്ച ഗവർണർ വാർത്താസമ്മേളനം നടത്തിയിരുന്നു. സർവകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടെന്നും ചരിത്ര കോൺഗ്രസില്‍ തനിക്കെതിരെ ആസൂത്രിത ആക്രമണമാണ് നടത്തിയതെന്നും ഗവർണർ ആരോപിച്ചിരുന്നു. ഭരണഘടനാമൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുമെന്നും സംരക്ഷിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത ഗവർണർ ഇത്തരത്തില്‍ വാർത്താസമ്മേളനം നടത്തിയതും നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് പറയുന്നതും ഭരണാഘടനാവിരുദ്ധമാണെന്ന് ബിനോയ് വിശ്വം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് വിധേയത്വമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗവർണർ പദവി വ്യക്തിപരമായ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നതടക്കം രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശനമുന്നയിച്ചത്.

logo
The Fourth
www.thefourthnews.in