എംജി വി സി ഡോ. സാബു തോമസിന് പുനര്‍നിയമനമില്ല; സര്‍ക്കാര്‍ ആവശ്യം തള്ളി ഗവര്‍ണര്‍
എം ജി സര്‍വ്വകലാശാല വിസിക്ക് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി ഗവര്‍ണര്‍. വി സി ഡോ. സാബു തോമസിന്റെ കാലാവധി നാളെ അവസാനിക്കാനിക്കെയാണ് ഗവർണർ സർക്കാരിനെ തീരുമാനം അറിയിച്ചത്. ഡോ. സാബു തോമസിന് പകരം താല്‍ക്കാലിക വിസിയെ നിയമിക്കുന്നതിന്റെ ഭാഗമായി മൂന്നു സീനിയര്‍ പ്രൊഫസര്‍മാരുടെ പാനല്‍ ഉടന്‍ സമര്‍പ്പിക്കാനും ഗവര്‍ണര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പാനലില്‍ നിന്നാവും ഗവര്‍ണര്‍ താല്‍ക്കാലിക വിസിയെ നിയമിക്കുക. ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്നമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ഗവർണർക്ക് ശുപാർശ നല്‍കിയത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പുനര്‍നിയമനം നല്‍കിയതിനെതിരായുള്ള ഹര്‍ജ്ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ വീണ്ടും മറ്റൊരു പുനര്‍നിയമനം നടത്തുന്നതില്‍ വിയോജിപ്പുള്ളതിനാലാണ് ഗവര്‍ണര്‍ വിയോജിപ്പ് അറിച്ചതെന്നാണ് വിവരം.
എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാല നിയമത്തിന് വ്യത്യസ്തമായി എംജി യില്‍ സര്‍വകലാശാല നിയമ പ്രകാരം പ്രായപരിധി 65 വയസ്സായതിനാല്‍ സാബു തോമസ്സിന് ഒരു ടേം കൂടി അനുവദിക്കുന്നതില്‍ നിയമതടസമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സാബു തോമസിന് കാലാവധി നീട്ടി ലഭിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹം അധിക ചുമതല വഹിക്കുന്ന മലയാളം സര്‍വകലാശാലയെയും ബാധിക്കും.
അതേസമയം, എംജി വിസി കൂടി വിരമിക്കുന്നത്തോടെ സംസ്ഥാനത്തെ ഒന്‍പത് സര്‍വ്വകലാശാലകളില്‍ വിസിമാര്‍ ഇല്ലാതാവും. ഗവര്‍ണര്‍ യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വച്ചില്ലെങ്കില്‍, ഗവര്‍ണറുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക വിസിമാര്‍ തുടര്‍ന്നാല്‍മതി എന്ന നിലപാടിലാണ് സര്‍ക്കാര്‍.