ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍

തന്നെ രക്ഷിക്കാനെത്തിയ പോലീസുകാരെ തടഞ്ഞത് രാഗേഷ്; അതിനുള്ള പ്രതിഫലമാണ് പുതിയ പദവി: ഗവര്‍ണര്‍

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ഗവര്‍ണര്‍
Updated on
1 min read

രാഷ്ട്രപതിയെയും ഗവര്‍ണറെയും കയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഐപിസി വകുപ്പുകള്‍ ഉദ്ധരിച്ചുകൊണ്ട് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം തുടങ്ങി. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച നിര്‍ണായക ദൃശ്യങ്ങളും രേഖകളുമാണ് പുറത്തുവിടുന്നത്. പിആര്‍ഡി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് സുരക്ഷാവീഴ്ച ഗവര്‍ണര്‍ വിശദീകരിക്കുന്നത്. തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടയാനെത്തിയ പോലീസുകാരെ തടഞ്ഞത് തന്നോടൊപ്പം വേദിയിലിരുന്ന കെ കെ രാഗേഷാണ്. അതിനുള്ള പ്രതിഫലമാണ് പുതിയ പദവിയെന്നും ഗവര്‍ണര്‍.

തന്നെ ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ കാരണമാണെന്ന ആരോപണം സംബന്ധിച്ച തെളിവുകളാണ് പ്രത്യക വാര്‍ത്താസമ്മേളനം നടത്തി ഗവര്‍ണര്‍ പുറത്തുവിട്ടത്. ചരിത്ര കോണ്‍ഗ്രസില്‍ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍, മുഖ്യമന്ത്രി അയച്ച കത്തുകള്‍ ഉള്‍പ്പെടെ രേഖകളാണ് പുറത്തുവിട്ടത്.

ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടന്നാല്‍ പരാതിപ്പെട്ടില്ലെങ്കില്‍ പോലും കേസെടുക്കണമെന്ന സാമാന്യ വിവരം പോലും ഇല്ലാത്തവരാണോ സംസ്ഥാനം ഭരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയോട് സഹതാപം മാത്രമേ ഉള്ളു. എല്ലാ കാര്യങ്ങളും ഉചിതമായ സമയത്ത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. മാത്രമല്ല സര്‍വകലാശാല പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതാണ്. എന്നാല്‍ എല്ലാ ഉറപ്പുകളും സര്‍ക്കാര്‍ ലംഘിച്ചു. മുഖ്യമന്ത്രി ഒരുപാട് ആനൂകൂല്യങ്ങള്‍ തന്നില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ഇപ്പോള്‍ പുറത്തുപറയുന്നില്ലെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഗവർണറും സർക്കാരും തമ്മിൽ മാസങ്ങളായി പോരു തുരുകയാണ്. സർവകലാശാല നിയമനം, ഓർഡിനൻസ് തുടങ്ങിയ വിഷയങ്ങളിലാണ് സമീപകാലത്ത് പ്രശ്നം വഷളായത്. സർവകലാശാലകളിൽ ബന്ധു നിയമനം നടക്കുന്നുവെന്ന് ആരോപിച്ച ഗവർണറെ, വിസി നിയമനത്തിലടക്കം അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല നിയമഭേദഗതി പാസാക്കിയാണ് സർക്കാർ നേരിട്ടത്. ഓർഡിനൻസുകൾ പുതുക്കാൻ ഗവർണർ വിസമ്മതിച്ചതോടെ പ്രത്യേക സമ്മേളനം വിളിച്ച് ബിൽ പാസാക്കേണ്ടി വന്നു സർക്കാരിന്. ഇതിനിടെയാണ് ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎമ്മും എൽഡിഎഫും രംഗത്തെത്തിയത്.

logo
The Fourth
www.thefourthnews.in