വിവാദ ബില്ലുകള്‍ ഒപ്പിടാതെ ഗവർണർ ഡല്‍ഹിക്ക്
വിവാദബില്ലുകളില്‍ ഒപ്പിടാതെ ഗവർണർ ഡല്‍ഹിക്ക്. എന്നാല്‍ വകുപ്പ് സെക്രട്ടിമാര്‍ വിശദീകരണം നല്‍കിയ അഞ്ച് ബില്ലുകളില്‍ അദ്ദേഹം ഒപ്പിടുകയും ചെയ്തു. നിയമസഭ പാസാക്കിയ 12 ബില്ലുകളാണ് ഗവര്‍ണര്‍ക്ക് അയച്ചത്.
ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന നിലപാട് ഗവർണർ സർക്കാരിനെ അറിയിച്ചിരുന്നു. ഡല്‍ഹിലേക്കു പോകുന്ന ഗവർണർ അടുത്ത മാസം ആദ്യമാണ് തിരിച്ചു വരിക.
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന നടപടികള്‍ ഗവര്‍ണര്‍ വേഗത്തിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഒക്ടോബര്‍ 24 നാണ് കേരള സര്‍വകലാശാല വിസി, ഡോ.മഹാദേവന്‍ പിള്ളയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. ഈ സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കാനുള്ള രാജ്ഭവന്‍ ഇടപെടല്‍. സര്‍വകലാശാല നിയമഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍, നിലവിലെ നിയമപ്രകാരമേ വിസി നിയമനം സാധ്യമാകൂ. രണ്ടംഗങ്ങളെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റിയെ ഗവര്‍ണര്‍ നേരത്തെ നിശ്ചയിച്ചിരുന്നു. ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികള്‍ മാത്രമാണ് സമിതിയില്‍ ഉണ്ടായിരുന്നത്. സര്‍വകലാശാല ശുപാര്‍ശ ചെയ്താല്‍ ഉടന്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്നായിരുന്നു അന്ന് രാജ്ഭവന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതുവരെ സര്‍വകലാശാലാ പ്രതിനിധിയെ സെനറ്റ് തീരുമാനിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് അടിയന്തര നിര്‍ദേശം നല്‍കിയത്.
വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമുള്ളതാണ് നിലവിലെ നിയമം. മൂന്നംഗങ്ങളാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാവേണ്ടത്. ഗവര്‍ണര്‍, സര്‍വകലാശാലാ, യുജിസി പ്രതിനിധികളാണ് സമിതിയിലുള്ളത്. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന മൂന്നംഗ ചുരുക്കപ്പട്ടികയില്‍ നിന്ന് ഗവര്‍ണറാണ് വിസിയെ നിയമിക്കേണ്ടത്. മൂന്നംഗങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ പ്രതിനിധിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധിയും ഉള്‍പ്പെടെ അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നതാണ് പുതിയ നിയമം. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഈ ഭേദഗതി. എന്നാല്‍ ഈ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കാത്ത സാഹചര്യത്തില്‍ പഴയ നിയമമാണ് പ്രാബല്യത്തില്‍.
ഗവര്‍ണരുടെ പ്രതിനിധിയായി കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ. ദേബാഷിഷ് ചാറ്റര്‍ജി, യുജിസി പ്രതിനിധിയായി കര്‍ണാടക കേന്ദ്ര സര്‍വകലാശാല വിസി ഡോ. ബട്ടു സത്യനാരായണ എന്നിവരാണ് നിലവിലെ സെര്‍ച്ച് കമ്മിറ്റിയിലുള്ളത്. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. വി കെ രാമചന്ദ്രന്റെ പേര് സര്‍വകലാശാല സെനറ്റ് സെര്‍ച്ച് കമ്മിറ്റിയിലേക്ക് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറുന്നുവെന്ന് വി കെ രാമചന്ദ്രന്‍ വ്യക്തമാക്കി. പകരം ആളെ തീരുമാനിക്കാന്‍ സര്‍വകലാശാലയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. പിന്നീട് സെനറ്റ് യോഗം ചേര്‍ന്നെങ്കിലും വിഷയം അജണ്ടയായില്ല. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണര്‍ക്കെതിരേ സെനറ്റ് പ്രമേയവും പാസാക്കി. വിസി നിയമനത്തില്‍ സര്‍വകലാശാല മനഃപൂര്‍വം നടപടി വൈകിപ്പിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.